സേലം: മൊറാപൂർ -കൊട്ടാംപാടി വനമേഖലയിൽ റയിൽ പാളം മുറിച്ച് കേരളത്തിൽ നിന്നുള്ള തീവണ്ടികൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രി ചെന്നൈ തിരുവനന്തപുരം മെയിൽ കടന്നുപോകുന്നതിന് ഏതാണ്ട് അരമണിക്കൂർ മുൻപാണ് പാളം മുറിച്ച നിലയിൽ കണ്ടത്. സിഗ്നൽ തകരാർ മൂലം കേരള എക്‌സ്‌പ്ര‌സിന് മുന്നോട്ട് പോകാനാവാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഇതിന്് പുറകിൽ മാവോയിസ്റ്റുകളാണെന്നാണ് പ്രാഥമിക സംശയം. അതേസമയം ലക്ഷ്യം കേരളത്തിലേക്കുള്ള തീവണ്ടികളാണെന്ന സംശയം ബലപ്പെട്ടു. സേലത്ത് നിന്ന് 60 കിലോമീറ്റർ ദൂരെ മൊറാപൂർ റയിൽവേ സ്റ്റേഷൻ പരിധിയിൽ കൊട്ടാം പാടി വനമേഖലയിലാണ് പാളം മുറിച്ച നിലയിൽ കണ്ടെത്തിയത്.

തീരെ വെളിച്ചം ഇല്ലാതിരുന്ന ഭാഗമാണ് ഇവിടം. രാത്രി 11.10 നാണ് പാളം മുറിച്ചത് ശ്രദ്ധയിൽപെട്ടത്. യാത്രക്കാരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് തലനാരിഴയ്ക്ക് വൻ അപകടം ഇല്ലാതായത്. ഈ പ്രദേശം മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിദ്ധ്യമുള്ള ഇടമാണ്.

പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം ട്രാക്ക്‌മാന്മാർ ഇവിടെ നാല് കന്നഡ സംസാരിക്കുന്നവരെ കണ്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവർ പിന്നീട് കാട്ടനുള്ളിലേക്ക് തന്നെ പോയെന്നാണ് മൊഴി.

സിഗ്നൽ തകരാറിനെ തുടർന്ന് നിർത്തിയിട്ട കേരള എക്സ്‌പ്രസിലെ യാത്രക്കാരിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതിയുണ്ട്. സംഭവത്്തിൽ ഉന്നത അന്വേഷണത്തിന് റയിൽവേ ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ