Latest News

പരിസ്ഥിതി ദിനാഘോഷത്തിന് പിന്നാലെ കൊച്ചിയിൽ 30 വൻ മരങ്ങൾ വെട്ടിമാറ്റുന്നു

മൂന്നിരട്ടിയോ നാലിരട്ടിയോ മരങ്ങൾ പകരം നടാൻ റയിൽവേയോട് ആവശ്യപ്പെടാമെന്ന് കെ.വി.തോമസ് എംപി

കൊച്ചിയിൽ മരങ്ങൾ വെട്ടിമാറ്റുന്നു, Deforestation in Kochi, കൊച്ചിയിൽ മരങ്ങൾ വെട്ടിനീക്കാൻ റയിൽവേ, Railway sanctio to cut trees in Kochi, huge trees in kochi, കൊച്ചിയിൽ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നു

കൊച്ചി: പരിസ്ഥിതി ദിനത്തിന് ഒരു കോടി വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചതിന് തൊട്ട് പിന്നാലെ കൊച്ചിയിലെ 30 പടുകൂറ്റൻ തണൽമരങ്ങൾ വെട്ടിമാറ്റാൻ പദ്ധതി. ദക്ഷിണ റെയിൽവേയാണ്, ദക്ഷിണ നാവികസേന ആസ്ഥാനത്തിന്റെ പ്രധാന കവാടത്തിന് എതിർവശത്തുള്ളതടക്കം വെല്ലിംഗ്ടൺ ഐലന്റ് വരെയുള്ള കൂറ്റൻ മരങ്ങൾ വെട്ടിമാറ്റാൻ കരാർ കൊടുത്തിരിക്കുന്നത്. കൊച്ചിയുടെ അടയാളമായി വിശേഷിപ്പിക്കുന്ന തണൽമരങ്ങളാണ് ഇതോടെ അന്യമാകുന്നത്.

കൊച്ചിയിൽ മരങ്ങൾ വെട്ടിമാറ്റുന്നു, Deforestation in Kochi, കൊച്ചിയിൽ മരങ്ങൾ വെട്ടിനീക്കാൻ റയിൽവേ, Railway sanctio to cut trees in Kochi, huge trees in kochi, കൊച്ചിയിൽ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നു
നേവൽ ബേസിന് മുന്നിലെ തണൽ മരങ്ങൾ. ഇവയെല്ലാം മുറിച്ചുനീക്കും

നാല് മരങ്ങളാണ് ഏതാണ്ട് പൂർണ്ണമായും മുറിച്ച് വച്ചിരിക്കുന്നത്. ഹാർബർ ടെർമിനസ് സ്റ്റേഷൻ പുതുക്കിപ്പണിത് മുൻപ് വെല്ലിംഗ്ടൺ ഐലന്റിലേക്ക് ഉള്ള റെയിൽപാത വീണ്ടും പ്രവർത്തിപ്പിക്കാനാണ് ദക്ഷിണ റെയിൽവേയുടെ ശ്രമം. ഒന്നാം യുപിഎ സർക്കാർ നിർത്തലാക്കിയ പാത എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെ വീണ്ടും പ്രവർത്തിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

റെയിൽപാതയുടെയും പൊതുജനത്തിന്റെയും സുരക്ഷ പരിഗണിച്ചാണ് പുതിയ നടപടിയെന്നാണ് ദക്ഷിണ റെയിൽവേയുടെ വിശദീകരണം.  “കഴിഞ്ഞ മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചിരുന്നു. ഇപ്പോൾ പുതിയ പാതയ്‌ക്ക് തടസ്സമായി നിൽക്കുന്ന മരങ്ങൾ മുൻ ഉത്തരവ് കൂടി പരിഗണിച്ചാണ് മുറിച്ചു മാറ്റുന്നതെന്ന് എറണാകുളം അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അലക്സാണ്ടർ ഡാനിയൽ പറഞ്ഞു. നേവൽ ബേസിന് മുന്നിലുള്ളതടക്കം റെയിൽവേ ഭൂമിയിൽ ഹാർബർ ടെർമിനസ് സ്റ്റേഷൻ വരെ 30 മരങ്ങളാണ് മുറിക്കുന്നത്. നേവൽ ബേസിന് മുന്നിലുള്ള മുഴുവൻ മരങ്ങളും മുറിക്കും. ഇവ അപകടാവസ്ഥയിലുള്ള മരങ്ങളാണ്,” അദ്ദേഹം അവകാശപ്പെട്ടു.

96,315 രൂപയ്ക്കാണ് പനങ്ങാട് മാടവന മട്ടത്തിൽപറമ്പിൽ സ്വദേശി എംഎം ജലീൽ മരം മുറിക്കുന്നതിനുള്ള കരാർ എടുത്തിരിക്കുന്നത്. പകൽ സമയത്ത് ഗതാഗത തിരക്ക് ഏറിയ ഈ സ്ഥലത്ത് മരം മുറിക്കുന്നതിന് തടസമുണ്ട്. രാത്രി പത്ത് മുതൽ അഞ്ച് വരെയാണ് മരം മുറിക്കാൻ ട്രാഫിക് പൊലീസ് അനുമതി നൽകിയിരിക്കുന്നത്. “മരം മുറിക്കുന്നതിന് ഇവർ സമയം കമ്മിഷണറോട് ചോദിച്ചിട്ടുണ്ട്. പൊലീസിന് ഇത് മാത്രമേ നോക്കേണ്ടതുള്ളൂ” എന്ന് സ്ഥലത്തുണ്ടായിരുന്ന സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ബിബിൻ വ്യക്തമാക്കി.

പരിസ്ഥിതി ദിനത്തിൽ കൊച്ചി നിയോജക മണ്ഡലത്തിൽ മാത്രം 20,000 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചതെന്ന് എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റായ എ.അഫ്സൽ പറഞ്ഞു. “വനം വകുപ്പ് നമ്പറിട്ട് പോയ മരങ്ങളാണ് ഇത്. പരിസ്ഥിതി ദിനത്തിൽ ഇത്രയും വലിയ പ്രചാരണം നടത്തി മരങ്ങൾ നട്ടുപിടിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം വർഷങ്ങളുടെ പഴക്കമുള്ള ഈ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നത് എങ്ങിനെ അംഗീകരിക്കും? നാട്ടുകാരോട് എന്ത് സമാധാനം പറയും? മരങ്ങൾ മുഴുവൻ വെട്ടിമാറ്റുന്ന സാഹചര്യം ഉണ്ടായാൽ വനം വകുപ്പ് ഭരിക്കുന്ന സിപിഐ ആകും പ്രതിക്കൂട്ടിലാവുക. ദക്ഷിണ റെയിൽവേ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മരം മുറിക്കുന്നത് എന്ത് വില കൊടുത്തും തടയും,” അഫ്സൽ വ്യക്തമാക്കി.

കൊച്ചിയിൽ മരങ്ങൾ വെട്ടിമാറ്റുന്നു, Deforestation in Kochi, കൊച്ചിയിൽ മരങ്ങൾ വെട്ടിനീക്കാൻ റയിൽവേ, Railway sanctio to cut trees in Kochi, huge trees in kochi, കൊച്ചിയിൽ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നു

റെയിൽവേ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കുന്നതെന്ന് ഇതിനുള്ള കരാറെടുത്ത എം.എം.ജലീൽ ഐഇ മലയാളത്തോട് പറഞ്ഞു. “റെയിൽവേയുടെ ആവശ്യപ്പെട്ടത് പത്ത് ദിവസത്തിനുള്ളിൽ ഈ ഭാഗത്തെ മരങ്ങളടക്കം 30 മരങ്ങൾ മുറിക്കാനാണ്. പൊതുമരാമത്ത് വകുപ്പിലോ, വനം വകുപ്പിലോ മരം മുറിക്കുന്ന കാര്യം അറിയിക്കേണ്ടത് റെയിൽവേയുടെ ചുമതലയാണ്. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ മരം മുറിക്കാൻ പൊലീസ് കമ്മിഷണറുടെ അനുമതി വാങ്ങിയിട്ടുണ്ട്” എന്നും ജലീൽ പറഞ്ഞു.

Read More: റോഡ് വികസനത്തിനായി അരയാലുകള്‍ക്ക് കത്തി വെക്കണമെന്ന്; സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് എംഎല്‍എ മരങ്ങള്‍ മാറ്റി നട്ടു

എന്നാൽ ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സോഷ്യൽ ഫോറസ്ട്രി വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ആയ മാർട്ടിൻ ലോവൻ പറഞ്ഞു.  “ആസ്തികൾക്കും ജീവനും ഭീഷണിയായ മരങ്ങൾ മുറിക്കുന്നതിന് നേരത്തേ അനുമതിയുള്ളതാണ്. മരം മുറിക്കുന്ന കാര്യം അറിയിക്കണമെന്നാണ് നിയമം. കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ മറ്റെന്തെങ്കിലും നിയമമുണ്ടോയെന്ന് അറിയില്ല” അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് മരം മുറിക്കുന്ന കാര്യം അറിഞ്ഞതെന്ന് എറണാകുളം പാർലമെന്റ് അംഗം കെ.വി.തോമസ് പറഞ്ഞു. “ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് മരങ്ങൾ മുറിക്കുന്നതെന്നാണ് അന്വേഷിച്ചപ്പോൾ മനസിലായത്. അതിപ്പോൾ എന്തെങ്കിലും പദ്ധതി അവർക്ക് കാണുമായിരിക്കും. ഏതായാലും മുറിച്ച് മാറ്റുന്ന മരങ്ങൾക്ക് പകരമായി മൂന്നിരട്ടിയോ നാലിരട്ടിയോ മരങ്ങൾ വച്ചു പിടിപ്പിക്കാൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജരോട് പറയാം” അദ്ദേഹം പറഞ്ഞു.

മരങ്ങൾ മാറ്റി സ്ഥാപിക്കുകയായിരുന്നു വേണ്ടതെന്നാണ് ആംആ്ദമി പാർട്ടി സംസ്ഥാന കൺവീനറും പരിസ്ഥിതി പ്രവർത്തകനുമായ സി.ആർ.നീലകണ്ഠൻ പറഞ്ഞത്. “30 വലിയ മരങ്ങളൊക്കെ വെട്ടിമാറ്റുക എന്നത് നിയമപരമായി സാധുതയുള്ളതാണോയെന്ന് അറിയില്ല. നിയമപരമായി സാധുതയുണ്ടെങ്കിലും ഇത് ചെയ്യാൻ പാടില്ലാത്തതാണ്. ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഇത്രയേറെ വലിയ മരങ്ങൾ നശിപ്പിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല.” അദ്ദേഹം വ്യക്തമാക്കി.

പടുകൂറ്റൻ മരങ്ങളാണ് പശ്ചിമകൊച്ചിയുടെ പച്ചപ്പിന് കരുത്തേകുന്നത്. എറണാകുളം നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ് റൂട്ടുകളിലൊന്നാണിത്.  വിവിധ ആവശ്യങ്ങൾക്കായി ദക്ഷിണ നാവികസേന ആസ്ഥാനത്തെത്തുന്നവർ പാസ് കാത്ത് നിൽക്കുന്നത് ഈ തണൽ മരത്തിന് താഴെയാണ്. എക്സ് സർവ്വീസുകാർ മാസം  തോറും റേഷൻ വാങ്ങാനെത്തുമ്പോഴും ഈ തണലിലാണ് വിശ്രമിക്കുന്നത്.  ഇവിടെയുള്ള കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് തണൽ മരങ്ങളുടെ മറ്റൊരു ഗുണഭോക്താക്കൾ. ദിവസം നൂറ് കണക്കിനാളുകൾക്ക് തണലും തണുപ്പുമേകുന്ന വൃക്ഷങ്ങൾ ഒറ്റയടിക്ക് വെട്ടിനശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Railway cuts 30 huge rain trees in kochi day after kerala government plants one crore saplings

Next Story
സിനിമ പ്രതിസന്ധി തീർക്കാൻ സർക്കാർ ഇടപെടുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X