തിരുവനന്തപുരം: കേരളത്തിന്‍റെ ഭാവി റെയിൽവേ വികസനം മുന്നില്‍ കണ്ട് കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പ്രധാന പദ്ധതികള്‍ക്ക് തത്വത്തില്‍ റെയിൽവേയുടെ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനും റെയിൽവേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനങ്ങളുണ്ടായത്.

കേരള സര്‍ക്കാരിനും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമുളള കമ്പനിയാണ് കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുളള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുളള നിര്‍ദേശം ബോര്‍ഡ് ചെയര്‍മാന്‍ തത്വത്തില്‍ അംഗീകരിച്ചു. അതിവേഗ തീവണ്ടികളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചത്. എന്നാല്‍ അതിവേഗ വണ്ടികള്‍ ഓടിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും അശ്വനി ലൊഹാനി ഉറപ്പുനല്‍കി. ഇത് സംബന്ധിച്ച് സർവേ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം-കാസര്‍കോട് പാത 575 കി.മീറ്റര്‍ വരും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലുളള ബ്രോഡ്ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഇതിനകം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. 1943 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുളളത്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിന് മൊത്തം 16,600 കോടി രൂപയാണ് ചെലവ്.

ലൈനുകള്‍ക്ക് ശേഷിയില്ലാത്തതാണ് കേരളത്തില്‍ പുതിയ വണ്ടികള്‍ ഓടിക്കുന്നതിന് മുഖ്യതടസ്സം. ഈ സാഹചര്യത്തിലാണ് പുതിയ ലൈനുകള്‍ക്ക് റെയില്‍വേയുമായി ചേര്‍ന്ന് മുതല്‍ മുടക്കാന്‍ കേരളം തയ്യാറാകുന്നത്.

തലശ്ശേരി-മൈസൂര്‍ (മാനന്തവാടി വഴി) പാതയുടെ വിശദ റിപ്പോര്‍ട്ട് (ഡിപിആര്‍) ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയാക്കി റെയിൽവേക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ചു. 247 കി.മീറ്റര്‍ വരുന്ന പാതയ്ക്ക് 3,209 കോടി രൂപയാണ് കണക്കാക്കിയിട്ടുളളത്. ഇപ്പോള്‍ തലശ്ശേരിയില്‍ നിന്ന് മൈസൂരിലേക്ക് 810 കി.മീറ്ററാണ് ദൂരം. യാത്രാസമയത്തില്‍ 12 മണിക്കൂറും ദൂരത്തില്‍ 570 കിലോമീറ്ററും കുറവുണ്ടാകും. റെയിൽവേ അംഗീകരിച്ചാന്‍ 2024-ല്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും.

ശബരി പാതയെ ബന്ധിപ്പിക്കുന്ന എരുമേലി-പുനലൂര്‍ പാതയും പരിഗണിക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി. 65 കി.മീറ്ററാണ് ഇതിന്‍റെ ദൂരം. ചെലവ് 1,600 കോടി രൂപ. ശബരി പാതയെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍-പാല (15 കി. മീറ്റര്‍) ലൈനും പരിഗണിക്കും.

ബാലരാമപുരം-വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പാത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ പാത (10 കി.മീറ്റര്‍), എറണാകുളത്ത് റെയില്‍വെ ടെര്‍മിനസ് എന്നീ പദ്ധതികളും ചെയര്‍മാനുമായുളള ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവെച്ചു. തിരുവനന്തപുരം, എറണാകുളം, വര്‍ക്കല സ്റ്റേഷനുകളുടെ വികസനത്തിന് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും തീരുമാനമായി. ഭൂമി ലഭിച്ചാല്‍ കൊച്ചുവേളി ടെര്‍മിനലിന്‍റെ പണി 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.

ഇതിനകം അംഗീകരിച്ച ശബരി പാതയുടെ ചെലവ് റെയിൽവേ തന്നെ വഹിക്കണമെന്നും പുതിയ പദ്ധതികളുടെ പകുതി ചെലവ് കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. അങ്കമാലി-ശബരി, ഗുരുവായൂര്‍-തിരുനാവായ, എറണാകുളം-അമ്പലപ്പുഴ ഇരട്ടിപ്പിക്കല്‍ എന്നീ പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറി 2008-09 ലെ റെയിൽവേ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. 239 ഏക്കർ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറുകയും ചെയ്തു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയിൽവേ ഒന്നും ചെയ്തിട്ടില്ലെന്ന് അറിയിച്ചു. ഇക്കാര്യം പരിശോധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. രാജ്യത്തെ മൊത്തം സ്ഥിതി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി. തിരുവനന്തപുരം മേഖലയില്‍ റെയിൽവേ വികസനത്തിന് തടസ്സമാണ് നേമം ടെര്‍മിനലിന്‍റെ അഭാവം. മഖ്യമന്ത്രിയുടെ നിര്‍ദേശം പരിഗണിച്ച് കേരളത്തില്‍ ഓടിക്കുന്ന എല്ലാ ട്രെയിനുകളിലും ബയോ-ടോയ്ലറ്റ് ഏര്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി. കേരളമാകെ ഗ്രീന്‍ കോറിഡോറായി മാറ്റും. റെയില്‍വേക്ക് കേരളത്തിലുളള ഭൂമിയില്‍ മഴവെളള സംഭരണികള്‍ സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും ചെയര്‍മാന്‍ അംഗീകരിച്ചു.

റെയിൽവേ വികസനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് റെയിൽവേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി കേരളം രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം 25,000 കോടി രൂപയുടെ പദ്ധതി ഇതിനകം കോര്‍പ്പറേഷന്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതിന് പുറമെയാണ് 1039 കിലോമീറ്ററില്‍ പുതിയ ലൈനുകള്‍ നിര്‍ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന പദ്ധതി അടങ്കലിന്‍റെ പരിധിയില്‍ നിന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന് സ്വാതന്ത്ര്യം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പദ്ധതികള്‍ കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാകും.

യോഗത്തില്‍ റെയിൽവേയുടെ ചുമതലയുളള പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ചീഫ് സെക്രട്ടറി കെ.എം.അബ്രഹാം, ഗതാഗത സെക്രട്ടറി ജ്യോതിലാല്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വനം അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ധനവകുപ്പ് സെക്രട്ടറി മനോജ് ജോഷി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ-ഓര്‍ഡിനേഷന്‍) വി.എസ്.സെന്തില്‍, സതേണ്‍ റെയിൽവേ ജനറല്‍ മാനേജര്‍ സുഡാന്‍സു മണി, ഡിവിഷണല്‍ റെയിൽവേ മാനേജര്‍ പ്രകാശ് ബുട്ടാണി തുടങ്ങിയവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.