/indian-express-malayalam/media/media_files/uploads/2018/06/antyodhayatrain-7591Out.jpg)
കാസർകോട്: മംഗലാപുരത്ത് നിന്നും കൊച്ചുവേളിയിലേക്കുളള അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി.കരുണാകരൻ എംപി, വി.മുരളീധരന്‍ എന്നിവരാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിയായ പിയൂഷ് ഗോയല്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്‌ച ഇതോടെ റദ്ദാക്കിയതായി കരുണാകരന്‍ എംപി അറിയിച്ചു. ഇന്ന് വൈകുന്നേരം 7 മണിക്കായിരുന്നു കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ റെയിൽവേ മന്ത്രി അയച്ച കത്തില്‍ കാസര്‍കോടിനും ആലപ്പുഴയ്‌ക്കും സ്റ്റോപ്പ് അനുവദിച്ചതായി അറിയിച്ചു. അതേസമയം ഇതില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് എംപി ആരോപിച്ചു.
കൂടിക്കാഴ്‌ചയ്‌ക്ക് സമയം അനുവദിച്ച ശേഷം കാസര്‍കോടിനും ആലപ്പുഴയ്‌ക്കും സ്റ്റോപ്പ് അനുവദിച്ചതായാണ് കേന്ദ്രമന്ത്രി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ചത്, ഇതിന്റെ ക്രെഡിറ്റ് പോക്കറ്റിലാക്കാനുളള ഉദ്ദേശത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നുമുതലാണ് കാസര്‍കോട് സ്റ്റോപ്പ് ഉണ്ടാവുക എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. ജൂലൈ 1 മുതല്‍ സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കരുണാകരന്‍ എംപി വ്യക്തമാക്കി.
മറ്റ് ജില്ലകളെ പോലെയല്ല കാസർകോട്. ഷൊർണ്ണൂർ കടന്ന് പോകുന്ന എല്ലാ ട്രെയിനുകളും കേരളത്തിലെ ഈ വടക്കൻ ജില്ലയിലേക്ക് എത്താറില്ല. മിക്ക ട്രെയിനുകളും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. ജനശതാബ്‌ദിയും, ശതാബ്‌ദി എക്‌സ്പ്രസും, എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും തുടങ്ങി ആ പട്ടികയിലുളള തീവണ്ടികളുടെ എണ്ണം നീണ്ടു പോകും.
അതിനിടയിലാണ് പെട്ടെന്നൊരു നാൾ റെയിൽവേ ഒരു ട്രെയിൻ പുതിയതായി പ്രഖ്യാപിക്കുന്നത്. അന്ത്യോദയ എക്‌സ്പ്രസ്. എല്ലാ കോച്ചും ജനറൽ കോച്ച്. സെക്കന്റ് ക്ലാസ് ടിക്കറ്റ് നിരക്ക് മാത്രം. വാർത്തയറിഞ്ഞ് സന്തോഷിച്ച കാസർകോടുകാർക്ക് പക്ഷെ ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ മൂക്കത്ത് വിരൽ വയ്‌ക്കേണ്ടി വന്നു. മംഗലാപുരവുമായി ഏറെ അടുത്ത് കിടക്കുന്ന കാസർകോടിന് സ്‌റ്റോപ്പ് ലഭിച്ചില്ല.
വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ ട്രെയിൻ മംഗലാപുരത്ത് നിന്ന് കൊച്ചുവേളിക്ക് സർവ്വീസ് നടത്തുന്നത്. മംഗലാപുരം ജംങ്ഷനിൽ നിന്ന് രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന ട്രെയിൻ 137 കിലോമീറ്റർ സഞ്ചരിച്ച് രാത്രി 10.15 ന് കണ്ണൂരിലാണ് പിന്നെ നിർത്തുക. ഇവിടം വിട്ടാൽ കോഴിക്കോട് (11.35 pm). അത് കഴിഞ്ഞാൽ ഷൊർണ്ണൂരും (1.30 am), തൃശ്ശൂരും (2.35 am), എറണാകുളവും (4.05 am). പിന്നെ നിർത്തുക കൊല്ലത്താണ് (6.30 am). അതു കഴിഞ്ഞാൽ കൊച്ചുവേളി (8.15 am).
കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്ക് വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രെയിൻ യാത്ര നടത്തുക. കൊച്ചുവേളിയിൽ നിന്ന് രാത്രി 9.30 ന് പുറപ്പെടുന്ന വണ്ടി കൊല്ലം (10.25), എറണാകുളം (12.45 am), തൃശ്ശൂർ (2.06 am), ഷൊർണ്ണൂർ (2.50 am), കോഴിക്കോട് (4.30 am), കണ്ണൂർ (6.15 am) എന്നീ സ്റ്റേഷനുകൾ പിന്നിട്ട് മംഗലാപുരത്ത് രാവിലെ 9.15 ന് യാത്ര അവസാനിപ്പിക്കും.
മലപ്പുറത്തെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിലോ, ആലപ്പുഴയിലോ, കായംകുളത്തോ ട്രെയിനിന് സ്റ്റോപ്പില്ല. എന്നാൽ ഇവിടുത്തുകാരെ പോലല്ല. കാസർകോടിന് ഇതൊരു വൈകാരിക ദുഃഖമാണ്. എന്നാൽ പിന്നെ ഞങ്ങളെയങ്ങ് കർണ്ണാടകത്തിന് കൊടുത്തുകൂടേയെന്ന് പാതി കളിയായും പാതി കാര്യമായും ചോദിക്കുന്നുണ്ട് ഈ നാട്ടുകാർ. ട്രെയിനിന് സ്‌റ്റോപ്പില്ലെന്നറിഞ്ഞതോടെ ജില്ലയിൽ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്രം മാറി ചിന്തിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.