കൽപറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തി. വയനാട് ജില്ലയിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ താന്‍ വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്നും ആശങ്കപ്പെടരുതെന്നും പറഞ്ഞു.

മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിലും വീടുകള്‍ ശുചിയാക്കുന്നതിലും ചികിത്സയിലും എല്ലാ വിധ സഹായങ്ങളുമുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, എല്ലാ മനുഷ്യരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ പ്രകൃതി ദുരന്തത്തെ കുറിച്ച് എംപി എന്ന നിലയില്‍ മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും സംസാരിച്ചെന്നും രാഹുല്‍ പറഞ്ഞു. പ്രകൃതി ദുരന്തം സാമ്പത്തിക രംഗത്തെ തളര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുണ്ടായ ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, ഫെയ്‌സ്ബുക്കിലൂടെ തന്റെ മണ്ഡലത്തിനായി രാഹുല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വയനാട്ടിലെ ക്യാംപുകളിലേക്ക് വേണ്ട അവശ്യ വസ്തുക്കളുടെ പട്ടികയും രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read More: ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷം: മുഖ്യമന്ത്രി
അതേസമയം, ഉരുള്‍പൊട്ടലില്‍ ദുരന്ത ഭൂമിയായി മാറിയ പുത്തുമലയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തഭൂമിയില്‍ നിന്നും ഇനിയും ഏഴ് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ജില്ലയിലെ 207 ക്യാംപുകളിലായി 36,000 പേര്‍ കഴിയുന്നുണ്ട്. പടിഞ്ഞാറെത്തറ, കോട്ടത്തറ, പനമരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോടകം വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.