തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ  തര്‍ക്കഭൂമിയിലെ വീട് ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ മരിച്ച രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ലൈഫ് മിഷനില്‍ വീട് നൽകും. തങ്ങളുടെ മാതാപിതാക്കളെ അടക്കിയ ഭൂമിയില്‍ തന്നെ വീട് വേണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന ക്രമത്തില്‍ വീട് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ സ്വയം ഭരണ വകുപ്പ് ഉത്തരവ് ഇറക്കി. ലൈഫ് മിഷനില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

എന്നാല്‍, വീട് നിര്‍മ്മിച്ചു നല്‍കേണ്ട സ്ഥലത്തിന്റെ കാര്യത്തിൽ അവ്യക്തതയുണ്ട്. മാതാപിതാക്കളെ അടക്കിയ ഭൂമിയിൽ തന്നെ വീട് വേണമെന്ന് കുട്ടികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് സാധ്യമാകില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ മറ്റൊരു സ്ഥലത്തായിരിക്കും ഇരുവർക്കുമുള്ള വീട് നിർമിച്ചു നൽകുക.

Read Also: കോവിഡ് വ്യാപനം കുറയുന്നില്ലെങ്കിലും ആശങ്കപ്പെടാതെ കേരളം

അതേസമയം, നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഭൂമി രാജൻ കൈയേറിയെന്നും റിപ്പോർട്ടിൽ പറയുന്നു. സുഗന്ധിയിൽ നിന്ന് വില കൊടുത്ത് വാങ്ങിയതാണ് ഭൂമി. പുറമ്പോക്ക് ആണെന്ന വാദം തെറ്റാണ്. എന്നാൽ, ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതിന്റെ സാധുത സർക്കാർ പരിശോധിക്കണമെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറിയത്.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കൈയേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽവച്ച് രാജനും ഭാര്യ അമ്പിളിയും മരണത്തിനു കീഴടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.