കൊച്ചി: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധം മന്ത്രിമാര്‍ക്കെതിരെ തിരിച്ച് കോണ്‍ഗ്രസ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് എന്നിവരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു. മഹിളാ കോൺഗ്രസ് നേതാവാണ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കിളിമാനൂർ കൊച്ചു പാലം പുനഃനിർമ്മാണോദ്ഘാടന ചടങ്ങിലേക്ക് മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മഹിളാ കോൺഗ്രസ് നേതാവ് ദീപാ അനിലിനെ കിളിമാനൂർ പൊലീസ് കസ്റ്റസിയിൽ എടുത്തു.
വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം കൂടിയായ അവിഷിത്ത് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിയാണ്. അവിഷിത്തിനെ പുറത്താക്കിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് വലിഞ്ഞില്ല. മന്ത്രിയുടെ വീടിന് മുന്നില്‍ വച്ചായിരുന്നു കരിങ്കൊടി കാണിച്ചത്. ഇടുക്കി കട്ടപ്പനയിലെ ഹൈമാസ്സ് ലൈറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി റോഷി അഗസ്റ്റിന് നേരെ പ്രതിഷേധമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
മന്ത്രിമാരില്‍ മാത്രം ഒതുങ്ങാതെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. കോട്ടയത്ത് കലക്ട്രേറ്റിലേക്കുള്ള മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡുകള്‍ ചാടി പ്രതിഷേധക്കാര്‍ കലക്ട്രേറ്റിലേക്ക് കടന്നത് പൊലീസ് തടയുകയും പിന്നാലെ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രാണാധീതമായതൊടെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം.
എന്നാല്‍ യുഡിഎഫിന്റെ പ്രതിഷേധത്തെ പ്രതിരോധിക്കാനുള്ള നടപടിയിലേക്ക് എല്‍ഡിഎഫ് കടക്കുകയാണ്. ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന് ഇന്ന് വ്യക്തമാക്കിയത്. യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്നും കലാപം അഴിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും ജയരാജന് ആരോപിച്ചു. നാളെ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസമായിരുന്നു രാഹുലിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ സംഭവത്തെ അപലപിക്കുകയും എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിയെ തള്ളിപ്പറയുകയും ചെയ്തു. ഇന്ന് അഞ്ച് പേരെകൂടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ കസ്റ്റഡിയിലെടുത്ത ആറു പേരെ റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 30 ആയി.
Also Read: ടീസ്റ്റ സെതൽവാദിനേയും മുന്‍ ഡിജിപി ആര് ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്