ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കത്തയച്ചു. കേരളത്തിലുണ്ടായ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ഏകജാലക സംവിധാനം വേണമെന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നത്.

റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ രേഖകള്‍ എന്നിവയെല്ലാം നിരവധി പേര്‍ക്ക് നഷ്ടമായിട്ടുണ്ട്. സ്വന്തം മണ്ഡലമായ വയനാട്ടിലെ നിരവധി പേര്‍ക്കാണ് ഈ രേഖകളെല്ലാം നഷ്ടമായിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളും രേഖകളും വീണ്ടും ലഭിക്കുന്നതിന് നിരവധി ഓഫീസുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണണമെന്ന് രാഹുല്‍ ഗാന്ധി പിണറായി വിജയനോട് ആവശ്യപ്പെടുന്നു.

Read Also: കശ്മീർ ശാന്തമല്ല; രാഹുൽ ഗാന്ധിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്ത്രീ

കാലവര്‍ഷക്കെടുതിയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ സുപ്രധാന രേഖകള്‍ക്കായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങേണ്ടതിനു പകരം ഒരു നോഡല്‍ ഓഫീസറെ ജില്ലാ കലക്ടറുടെ ഓഫീസില്‍ നിയമിക്കണമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. നോഡല്‍ ഓഫീസറെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അങ്ങനെ എളുപ്പത്തില്‍ പുതിയ രേഖകള്‍ ലഭിക്കും വിധം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി വിജയന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാട്ടിലെത്തുന്നുണ്ട്. ഓഗസ്റ്റ് 26 തിങ്കഴാഴ്ച (നാളെ) രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വയനാട് മണ്ഡലത്തിലെ ദുരിത ബാധിത മേഖലകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കും. പ്രളയ ബാധിതരെ നേരിട്ട് കണ്ട് അവരോട് കാര്യങ്ങള്‍ ചോദിച്ചറിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകും. നേരത്തെ, മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും രാഹുല്‍ ഗാന്ധി എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.