കൊച്ചി: വയനാട് എംപി രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തുന്നു. ജൂലായ് 13 ന് നടക്കുന്ന പൊതുചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ കേരളത്തിലെത്തുക. വയനാട് എംപിയായ ശേഷം നന്ദി പ്രകാശനത്തിനായി രാഹുല്‍ കേരളത്തിലെത്തിയിരുന്നു. ജൂലായ് 13 ന് നടക്കുന്ന അഗസ്ത്യന്‍മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണ് രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകുക. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ജോര്‍ജ് എം തോമസ് എംഎല്‍എയാണ് അധ്യക്ഷന്‍. പി.ടി.എ റഹിം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുമായി ബന്ധപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അടക്കമുള്ള ഫ്ളക്സ് ബോർഡാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Read Also:  മോദി തിരഞ്ഞെടുപ്പിൽ ജയിച്ചത് നുണകൾ കൊണ്ട്: രാഹുൽ ഗാന്ധി

ജൂൺ ഏഴ്, എട്ട് തീയതികളിലാണ് രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാനായി കേരളത്തിലെത്തിയത്. ലോക്സഭാ മണ്ഡലത്തിലെ നിയോജ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധി റോഡ് ഷോ അടക്കം നടത്തി. വോട്ടർമാരെ കണ്ട് നിവേദനം വാങ്ങുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.

വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ട് സീറ്റുകളിലാണ് രാഹുൽ ഗാന്ധി ഇത്തവണ ജനവിധി തേടിയത്. അതിൽ പരമ്പരാഗത കോൺഗ്രസ് മണ്ഡലമായ അമേഠിയിൽ സിറ്റിങ് എംപിയായ രാഹുൽ പരാജയപ്പെട്ടു. കേരളത്തിലെ വയനാട് മണ്ഡലം രാഹുലിനെ കാത്തു. മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷനായ രാഹുൽ വയനാട്ടിൽ നിന്ന് വിജയിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.