scorecardresearch
Latest News

കർഷകസമരത്തെ പിന്തുണച്ച് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു

rahul gandhi, ie malayalam

കൽപ്പറ്റ: കാർഷിക നിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കൽപ്പറ്റയിൽ ട്രാക്ടർ റാലി നടത്തി. മണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെ.സി. വേണുഗോപാല്‍ എംപിയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയിൽ അണിചേർന്നു.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്കു വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ടന്നും എന്നാൽ ഡല്‍ഹിയിലെ നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കാര്‍ഷിക മേഖല കൈക്കലാക്കാന്‍ കുറച്ചുപേർ ശ്രമിക്കുകയാണ്.അതിനവരെ സഹായിക്കുന്നവയാണ് കാര്‍ഷിക നിയമങ്ങളെന്നും ട്രാക്ടര്‍ റാലിക്കു ശേഷം സംസാരിക്കവേ രാഹുൽ പറഞ്ഞു.

നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ടാണ് രാഹുൽ കേരളത്തിലെത്തിയത്. പൂതാടിയിലെ കുടുംബശ്രീ സംഘത്തിലും മേപ്പാടി സ്കൂള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു.

അതേസമയം, ആറ് മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകപ്രക്ഷോഭ വേദിയിലേക്ക് രാഹുല്‍ ഇതുവരെ ചെന്നിട്ടില്ല. “രാഹുല്‍ ഒരിക്കല്‍പോലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന സ്ഥലം സന്ദര്‍ശിക്കുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല,” ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രമേശ് ടിക്കായത്ത് പറഞ്ഞിരുന്നു. രാജ്യാന്തരതലത്തില്‍നിന്ന് കര്‍ഷകപ്രക്ഷോഭത്തിന് വലിയ പിന്തുണ ഉണ്ടായപ്പോള്‍ “ഇത് ഞങ്ങളുടെ ആഭ്യന്തരവിഷയമാണ്. ഞങ്ങള്‍ പരിഹരിച്ചുകൊള്ളാം,” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rahul gandhi tractor rally in kalpetta today