/indian-express-malayalam/media/media_files/uploads/2019/08/rahul.jpg)
കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ സന്ദര്‍ശനം നടത്തി. പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ അതിനു ശേഷം തീര്‍ത്തും അപ്രതീക്ഷതമായാണ് കവളപ്പാറയിലെത്തിയത്. വാഹനത്തില്‍ വന്നിറങ്ങിയ രാഹുലിന് പൊലീസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത് കൂടി കണക്കിലെടുത്ത് അദ്ദേഹം അഞ്ച് മിനിറ്റ് അവിടെ ചിലവിട്ട ശേഷം മടങ്ങി.
For the next few days I will be based in my Lok Sabha constituency, #Wayanad that has been ravaged by floods. I will be visiting relief camps across Wayanad and reviewing relief measures with District & State officials.
— Rahul Gandhi (@RahulGandhi) August 11, 2019
പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധി, അവിടെനിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു. മഴക്കെടുതിയിൽ ഏറ്റവും അധികം നാശനഷ്ടമുണ്ടായ മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും. ഇന്നും നാളെയും രാഹുൽ വയനാട് സന്ദര്‍ശിക്കും എന്നാണ് വിവരം. മലപ്പുറം കലക്ട്രേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും രാഹുൽ പങ്കെടുക്കും.
സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമെന്നതിനാലും രാഹുല്‍ സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും രാഹുലിന്റെ സന്ദര്‍ശനത്തില്‍ ഇതുവരെ മാറ്റമില്ല. അധികൃതരുടെ അനുവാദം ലഭിച്ചതിനാലാണ് ഞായറാഴ്ച രാവിലെ വയനാട്ടിലേക്കു തിരിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
രാഹുല്‍ ഗാന്ധി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. 9, 10, 11, 12 തീയതികളില്‍ വയനാട് എത്തുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചതാണ്. പിന്നീട് ലോക്‌സഭയിലെ തിരക്കുകള്‍ കാരണം അക്കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ല. പിന്നീട് അതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചില്ല. എന്നാല്‍, മഴക്കെടുതിക്ക് മുൻപാണ് വയനാട്ടില്‍ എത്തുമെന്ന കാര്യം രാഹുല്‍ ഗാന്ധി അറിയിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
മഴ ശക്തമായതോടെ സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതാവസ്ഥ രാഹുല്‍ ഗാന്ധിയെ താനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം വയനാട് സന്ദര്‍ശിക്കാന്‍ തയ്യാറാണ്. പ്രതിപക്ഷ നേതാവ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കി. എന്നാല്‍, ഇസെഡ് കാറ്റഗറി സുരക്ഷയുള്ള രാഹുല്‍ ഗാന്ധി ഇപ്പോള്‍ ദുരിതബാധിത മേഖലകളിലേക്ക് എത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാലാണ് അത്. എന്നാല്‍, വയനാട്ടിലെത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറാണ്. അദ്ദേഹം ഉടന്‍ തന്നെ ഇവിടെ സന്ദര്‍ശിക്കുമെന്നും മുല്ലപ്പള്ളി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി ഉണ്ടായത്. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയാകും ഇവിടങ്ങളില്‍ ഇന്നുണ്ടാവുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെയാണിത്.
അതേസമയം, പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ടെന്ന് കൽപറ്റ എഎൽഎ സി.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. അരവണൻ, അബൂബക്കർ, റാണി, ശൈല, അണ്ണാ, ഗൗരി ശങ്കർ, നബീസ്, ഹംസ എന്നിവരെയാണ് കാണാതായതെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.