കല്‍പ്പറ്റ: വയനാട്ടിലെയും കേരളത്തിലെയും കാലവര്‍ഷക്കെടുതിയെയും ദുരന്തങ്ങളെയും കുറിച്ചു വിവരിച്ച് രാഹുല്‍ ഗാന്ധി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് രാഹുല്‍ ഗാന്ധി കത്തില്‍ വിവരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവിതം നഷ്ടമായി എന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഇതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും വരുന്ന നഷ്ടം കുറയ്ക്കാനാകുമെന്നും രാഹുല്‍ ഗാന്ധി കത്തിൽ വ്യക്തമാക്കുന്നു.

Read Also: ‘സാധനങ്ങള്‍ വയ്ക്കാന്‍ സ്ഥലമില്ല’; തിരുവനന്തപുരത്ത് നിന്ന് ഇതുവരെ കയറ്റി അയച്ചത് 23 ലോഡ് അവശ്യ സാധനങ്ങള്‍

രണ്ട് ദിവസങ്ങളിലായി രാഹുല്‍ ഗാന്ധി  പ്രളയബാധിതമേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്ത ഭൂമിയിൽ നിന്ന് രാഷ്ട്രീയം പറയാനില്ല എന്ന് രാഹുൽ കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് ദുരിതബാധിതരോട് പറയേണ്ട സമയമാണിതെന്നും മറ്റ് വിഷയങ്ങൾക്കൊന്നും പ്രാധാന്യമില്ലന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിലും വീടുകള്‍ ശുചിയാക്കുന്നതിലും ചികിത്സയിലും എല്ലാ വിധ സഹായങ്ങളുമുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, എല്ലാ മനുഷ്യരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അള്ളാഹൂവിനെ മുന്‍ നിര്‍ത്തിയാണ് ചെയ്തത്, വൈറലായി പോയതാണ്: നൗഷാദ് പറഞ്ഞതു കേട്ട് പൊട്ടിച്ചിരിച്ച് മമ്മൂട്ടി

വയനാട്ടിൽ ഉരുൾപൊട്ടിയ പുത്തുമലയിൽ രാഹുൽ ഗാന്ധി സന്ദർശിച്ചു. ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസിലാക്കിയ രാഹുൽ ഉരുൾപൊട്ടി പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്ത് എത്തി. ദുരന്തഭൂമി കാണാൻ പ്രത്യേക സ്ഥലം സുരക്ഷ ജീവനക്കാർ ഒരുക്കിയിരുന്നെങ്കിലും രാഹുൽ ഇതു അവഗണിക്കുകയായിരുന്നു. വയനാട് ജില്ലാ കലക്ടർ എ.ആർ.അജയകുമാറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.