കല്‍പ്പറ്റ: മഴക്കെടുതില്‍ ഏറെ ദുരിതം അനുഭവിക്കുന്ന ജില്ലയാണ് വയനാട്. മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ നാടിനെ നടുക്കിയതായിരുന്നു. മേപ്പാടിയിലും മറ്റുമായി നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.

മഴ നാശം വിതച്ച തന്റെ മണ്ഡലത്തിന് സഹായവുമായി എംപി രാഹുല്‍ ഗാന്ധി. എംപിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം പ്രകാരം അമ്പതിനായിരം കിലോ അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും ജില്ലയിലെത്തിച്ചു. കഴിഞ്ഞ ദിവസം മണ്ഡലത്തിലെത്തിയ രാഹുല്‍ ക്യംപുകള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

Read More: വയനാടിന് വേണ്ടി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി

പുതപ്പ്, പായ, അരി തുടങ്ങിയവാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതമാണ് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകം വസ്തുക്കള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. രണ്ട് ഘട്ടങ്ങളിലായാണ് സാധനങ്ങളെത്തിയത്. മൂന്നാം ഘട്ടത്തില്‍ ക്ലീനിങിന് ആവശ്യമായ വസ്തുക്കളാണ് എത്തിക്കുക.

വയനാട്ടിലെത്തിയ രാഹുല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും മണ്ഡലത്തിലെ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനം രാഹുല്‍ വീണ്ടും വയനാട്ടിലേക്ക് എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.