തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ വയാനാട് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ നടപടിയുമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി. എസ്എഫ്ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. ആക്രമണം നടന്ന സ്ഥലത്ത് എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
ദേശീയ തലത്തില്‍ തന്നെ എംപി ഓഫീസാക്രമണം ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്കി. വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എല്‍ദോസാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍. സംഭവത്തില്‍ തുടര്‍ നടപടികള്‍ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും സ്വീകരിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി എംപി ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ആക്രമിച്ചത് കുട്ടികളായതുകൊണ്ട് പരിഭവമില്ലെന്നും ക്ഷമിച്ചിരിക്കുന്നു എന്നുമായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. എന്നാല്‍ സംഭവത്തിന്റെ ഗൗരവം സംബന്ധിച്ചും രാഹുല്‍ അന്ന് വ്യക്തമാക്കിയിരുന്നു.
“അവര്‍ കുട്ടികളാണ്, ചെയ്തത് ശരിയായ കാര്യമാല്ല. നിരുത്തരവാദപരമായ പെരുമാറ്റമാണ് അവരില്‍ നിന്ന് ഉണ്ടായത്. ഒരുപക്ഷെ പ്രത്യഘാതം അറിയാതെ ചെയ്തതായിരിക്കും. എന്റെ ഓഫീസല്ല ആക്രമിക്കപ്പെട്ടത്. വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. ആക്രമണങ്ങള്‍ ഒന്നിനും പരിഹാരമല്ല,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അപലപിക്കുകയും എസ്എഫ്ഐയെ തള്ളിപ്പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിന് മുന്‍പ് തന്നെ നടപടിയുണ്ടാകുമെന്ന് പാര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ തന്നെ എസ്എഫ്ഐയുടെ നടപടി ചര്‍ച്ചയുമായിരുന്നു.
ബഫര്‍ സോണ്‍ വിഷയവുമായ ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലുള്ള ഫര്‍ണിച്ചറുകളും മറ്റ് വസ്തുക്കളും തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയായിരുന്നു സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
അതേസമയം ഓഫീസ് ആക്രമണത്തിലെ രാഹുലിന്റെ പ്രതികരണം വളച്ചൊടിച്ച് പ്രചരിപ്പിച്ച ബിജെപിയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓഫീസ് ആക്രമിച്ചവര്‍ കുട്ടികളാണെന്നു പറഞ്ഞ രാഹുലിന്റെ പ്രസ്താവന ഉദയ്പൂര്‍ കൊലപാതത്തിനോട് ചേര്‍ത്ത് സീ ന്യൂസ് നല്കിയ റിപ്പോര്‍ട്ടാണ് ബിജെപി നേതാക്കള്‍ പ്രചരിപ്പച്ചത്. ഇത് സംബന്ധിച്ച് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദക്ക് കൊണ്ഗ്രസ് കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജ് ജയറാം രമേശ് കത്തയച്ചിരുന്നു.
Also Read: അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം