കൽപ്പറ്റ: നാഥുറാം ഗോഡ്സെയും നരേന്ദ്ര മോദിയും ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഗോഡ്സെ മഹാത്മ ഗാന്ധിയെ വെടിവച്ചു. കാരണം അയാൾ ആരെയും സ്നേഹിച്ചിരുന്നില്ല, ആരെയും വിശ്വസിച്ചിരുന്നില്ല. നരേന്ദ്ര മോദിയും ചെയ്യുന്നത് അതുതന്നെയാണ്. മോദി തന്നെ മാത്രമാണ് സ്നേഹിക്കുന്നത്. തന്നെ മാത്രമാണ് വിശ്വസിക്കുന്നത്. രാജ്യത്തിലെ ലക്ഷക്കണക്കിനു പേരുടെ ശബ്ദം കേൾക്കാൻ അദ്ദേഹം താൽപര്യപ്പെടുന്നില്ലെന്ന് രാഹുൽ പറഞ്ഞു. കൽപ്പറ്റയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വെറുപ്പും കോപവും നിറഞ്ഞ വ്യക്തിയാണ് മോദി. ഇന്ത്യയുടെ ശക്തി എന്താണെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. ഗോഡ്സെയുടെ തത്വശാസ്ത്രത്തിനെതിരെ നമ്മൾ പോരാടിയ അതേ പാതയിൽ മോദിക്കെതിരെയും പോരാടണം. നമ്മൾ ഉറപ്പായും വിജയിക്കും” രാഹുൽ അഭിപ്രായപ്പെട്ടു.

”ഇന്ത്യക്കാർക്ക് ഇന്ത്യക്കാരെന്ന് തെളിയിക്കേണ്ട അവസ്ഥ. ഞാൻ ഇന്ത്യക്കാരനാണോയെന്ന് തീരുമാനിക്കാൻ നരേന്ദ്ര മോദി ആരാണ്?. ആരാണ് ഇന്ത്യക്കാരൻ, ആരാണ് അല്ല എന്ന് തീരുമാനിക്കാൻ മോദിക്ക് ആരാണ് ലൈസൻസ് നൽകിയത്?. ഞാനൊരു ഇന്ത്യക്കാരനാണെന്ന് എനിക്കറിയാം, അത് ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ല” രാഹുൽ പറഞ്ഞു.

Read Also: ഭരണഘടനാ സംരക്ഷണ റാലി നയിച്ച് രാഹുൽ ഗാന്ധി; ചിത്രങ്ങൾ

തൊഴിൽ ഇല്ലായ്മയെക്കുറിച്ച് മോദിയോട് ചോദിക്കുമ്പോഴൊക്കെയും അദ്ദേഹം ഒഴിഞ്ഞു മാറും. എൻആർസിയും പൗരത്വ ഭേദഗതിയും യുവാക്കൾക്ക് തൊഴിൽ നൽകില്ല. മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളർത്തി കൊളളയടിക്കുന്നു. ഇന്ത്യക്കെതിരെ ഇന്ത്യക്കാർ യുദ്ധം ചെയ്യുന്ന സാഹചര്യമുണ്ടാക്കി. മോദി നിക്ഷിപ്ത താൽപര്യങ്ങൾക്കായി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു. രാജ്യത്ത് വിദ്വേഷവും വെറുപ്പും വളർത്തുകയാണ് മോദി. നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ യുവാക്കൾക്ക് ഒരു ഭാവിയുമില്ലെന്നും രാഹുൽ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.