തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ പേടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അദ്ദേഹം പഴയ രാഹുലല്ലെന്നും പടിപടിയായി വളർന്നുവെന്നും ആന്‍റണി കൂട്ടിച്ചേർത്തു. കെപിസിസി ജനറൽ ബോഡിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ കൈപ്പിഴ പറ്റിയാൽ തകരുന്നത് ഭരണഘടനയായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോൺഗ്രസ് മാത്രം വിചാരിച്ചാൽ മോദിയെ ഇറക്കാൻ കഴിയില്ല. എന്നാൽ കോൺഗ്രസില്ലാതെ അതിനാവില്ല. മനസിലെ മതിലുകളും പരിഭവങ്ങളും മറന്ന് തിരഞ്ഞെടുപ്പിൽ ഇറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിയില്‍ നടത്താനിരിക്കുന്നത് താല്‍ക്കാലിക അഴിച്ചുപണിയാണ്. നിലവിലെ ഭാരവാഹികളില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഈ മാസം 15നകം പ്രഖ്യാപനം വരുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 15 ആക്കാമെന്നും സെക്രട്ടറിമാര്‍ മാറ്റമില്ലാതെ തുടരട്ടെയെന്നുമായിരുന്നു രാഷ്ട്രീയകാര്യ സമിതി തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ സമ്പൂര്‍ണ്ണ പുനഃസംഘടനയും ശേഷമുണ്ടാകുന്ന അതൃപ്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇവയെല്ലാം അടിസ്ഥാനമാക്കിയാണ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ച നടത്തിയത്.