scorecardresearch

എംപിയുടെ സഹായഹസ്‌തം; വയനാട് ജില്ലയിലെ ആദിവാസി കുട്ടികളുടെ പഠനം രാഹുൽ ഗാന്ധി ഏറ്റെടുത്തു

ഓൺലെെൻ പാഠ്യരീതിയെ രാഹുൽ ഗാന്ധി സ്വാഗതം ചെയ്‌തു

Rahul Gandhi, Rahul Gandhi news, Rahul Gandhi news in Malayalam, UDF, LDF, Kerala Elections, Kerala Election news, BJP, Rahul Gandhi in Kerala, Indian Express Malayalam, IE Malayalam, രാഹുല്‍ ഗാന്ധി, രാഹുല്‍ ഗാന്ധി വാര്‍ത്തകള്‍, എല്‍ഡിഎഫ്, യുഡിഎഫ്, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ഐഇ മലയാളം

കൽപറ്റ: വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓൺലൈൻ പഠനത്തിനുവേണ്ട സഹായം നൽകാൻ രാഹുൽ ഗാന്ധി എംപി. കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ സാമഗ്രികൾ നല്‍കും. ഭൗതിക സാഹചര്യം ഒരുക്കും. വേണ്ട സാമഗ്രികളുടെ വിവരങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയനും കലക്‌ടർ അദീല അബ്‌ദുല്ലയ്‌ക്കും രാഹുൽ ഗാന്ധി എംപി കത്തയച്ചു. ഓൺലൈൻ പാഠ്യരീതിയെ രാഹുൽ ഗാന്ധി സ്വാഗതം ചെയ്‌തു. ആദിവാസി മേഖലയിലെ പല വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനായുള്ള സാഹചര്യമില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതായും അതിനുവേണ്ട പരിഹാരം കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വയനാട്ടിൽ ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം എത്തിക്കൽ വലിയ വെല്ലുവിളിയാണ്. ജില്ലയിലെ 700 കോളനികളിൽ വൈദ്യുതി ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങളില്ലെന്നാണ് ട്രൈബൽ വകുപ്പിന്റെ കണ്ടെത്തൽ. ഇതു പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് സർക്കാർ. സാഹചര്യങ്ങളില്ലാത്ത വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഓൺലൈൻ ക്ലാസുകൾ ആർക്കും നഷ്‌ടപ്പെടില്ലെന്നും വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും പറഞ്ഞു.

Read Also: ഉംപുന് ശേഷം ‘നിസർഗ’; പേരിട്ടത് ബംഗ്ലാദേശ്, അതിതീവ്ര ചുഴലിക്കാറ്റാകാൻ മണിക്കൂറുകൾ മാത്രം

അതേസമയം, മലപ്പുറം വളാഞ്ചേരിയിൽ പത്താം ക്ലാസുകാരിയായ ദലിത് വിദ്യാർഥിനി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്താണ് പെണ്‍കുട്ടിയുടെ ആത്മഹത്യയെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇന്നലെയാണ് മൃതദേഹം വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്‌ണന്റെ മകൾ ദേവികയാണ് മരിച്ചത്. ഇന്നലെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും പങ്കെടുക്കാൻ ദേവികയ്‌ക്ക് സാധിച്ചില്ല. ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ മകൾക്ക് വലിയ സങ്കടമുണ്ടായിരുന്നതായും തങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും മാതാപിതാക്കൾ ആരോപിച്ചു. വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. ‘ഞാൻ പോകുന്നു’ എന്ന ഒറ്റവരിയാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുള്ളത്. പെൺകുട്ടി പഠിക്കാൻ മിടുക്കിയായിരുന്നുവെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിനായുള്ള സൗകര്യമൊരുക്കാൻ നടപടികൾ സ്വീകരിച്ചിരുന്നതായും ദേവികയുടെ അധ്യാപിക പറഞ്ഞു. വീട്ടിലെ ടിവി പ്രവർത്തിക്കാത്തതും സ്‌മാർട്ട്ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നാണ് ആരോപണം. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറയുന്നു.

Read Also: മേശപ്പുറത്ത് ഗ്ലാസ് പൊട്ടിയ നിലയിൽ; വീട്ടമ്മയുടെ കൊലപാതകത്തിൽ ദുരൂഹത, കാറിനു പിന്നാലെ പൊലീസ്

ഇന്നലെ മുതലാണ് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. വിക്‌ടേഴ്‌സ് ചാനലിലും മറ്റ് ഓൺലൈൻ സംവിധാനങ്ങൾ വഴിയുമാണ് ക്ലാസുകൾ നടക്കുന്നത്. പരീക്ഷണമെന്ന വിധമാണ് ഇന്നലെ ക്ലാസുകൾ നടന്നത്. ഇന്നലെ നടന്ന ക്ലാസുകൾ നഷ്‌ടമായവർക്ക് ജൂൺ എട്ടിന് പുനഃസംപ്രേഷണം ഉണ്ടാകുമെന്നും ടിവിയും സ്‌മാർട്ട്ഫോണും ഇല്ലാത്ത വിദ്യാർഥികൾക്കായി ബദൽ സംവിധാനം ഏർപ്പാടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rahul gandhi helps wayanad tribal students online class