scorecardresearch
Latest News

പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു

പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ലോകകേരളസഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് ലോകകേരളസഭ ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി സര്‍ക്കാരിന് കത്തയക്കുകയായിരുന്നു. ഈ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ കത്ത് രാഷ്ട്രീയ ആയുധമായാണ് സർക്കാർ കാണുന്നത്. ഡിസംബർ 12 നാണ് രാഹുൽ ഗാന്ധി കത്തയച്ചിരിക്കുന്നത്. പ്രതിപക്ഷം ലോകകേരളസഭയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ രാഹുൽ ഗാന്ധിയുടെ കത്ത് പുറത്തുവിട്ടിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോകകേരളസഭ എന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. ലോകകേരളസഭയെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായും രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞിട്ടുണ്ട്.

ഇന്നലെയാണ് ലോകകേരളസഭ ആരംഭിച്ചത്. ജനുവരി മൂന്ന് വരെ സഭ തുടരും. രണ്ടാം ലോകകേരളസഭയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ലോകകേരളസഭയ്‌ക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോകകേരളസഭയ്‌ക്ക്  ഉദ്ഘാടനം നിർവഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.

Read Also: Horoscope Today January 02, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരളസഭയില്‍ 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ‘ഒന്നിക്കാം, സംവദിക്കാം, മുന്നേറാം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണ ലോകകേരളസഭ നടക്കുക. അതേസമയം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരിക്കുകയാണ്. സമ്മേളനത്തിന്റെ സ്ഥിരംവേദിയുടെ നവീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോകകേരളസഭ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണം ധൂർത്താണെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയാണ്. സഭയിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ രാജിവച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rahul gandhi greetings loka kerala sabha pinarayi vijayan kerala government