ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം. ഇന്നു മുതൽ പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടി തീരുമാനം. എഐസിസി, പിസിസി, ഡിസിസി, ബ്ലോക്ക് തലങ്ങളിലാകും പ്രതിഷേധം. ഡൽഹിയിൽ വൻ റാലി നടത്താനും ആലോചനയുണ്ട്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കേരളത്തിൽ രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് കെഎസ്‍യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ കെഎസ്‍യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസുമായും ആർപിഎഫ് ഉദ്യോദസ്ഥരുമായും പ്രവർത്തകർ ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാറിനും കെ.എം.അഭിജിത്തിനും പരുക്കേറ്റു. പ്രവർത്തകരുടെ കല്ലേറിൽ ആർപിഎഫ് സബ് ഇൻസ്പെക്ടർ സിനോജിനും പരുക്കേറ്റു. രാജ് ഭവനിലേക്ക് കെഎസ്‍യുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
ഇന്നലെയാണ് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചത്. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.
ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ശിക്ഷിക്കപ്പെട്ട ദിവസമായ മാര്‍ച്ച് 23 മുതല്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് അയോഗ്യനാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും.