തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളിലുളള വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങളെന്ന് കോൺഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ പടയൊരുക്കം ജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഈ​ സമാപന സമ്മേളനം ഓഖി ചുഴിലിക്കാറ്റിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

പ്രധാനമന്ത്രി മോദി എന്തുകൊണ്ടോ ഇപ്പോള്‍ അഴിമതിയെന്ന വാക്കു പോലും പറയുന്നില്ല. അമിത് ഷായുടെ മകൻ ജയ്ഷായുടെ അഴിമതിയെപ്പറ്റിയും റഫാൽ ഇടപാടിനെപ്പറ്റിയും ഒരക്ഷരം പോലും മിണ്ടുന്നില്ല. റഫാൽ ഇടപാട് പാരിസിൽ വച്ച് തന്റെ ഇഷ്ടക്കാരനായ പ്രമുഖ ബിസിനസുകാരനു കൊടുക്കുമ്പോൾ ഇന്ത്യയുടെ പ്രതിരോധനമന്ത്രി ഗോവയിലെ മത്സ്യച്ചന്തയിലായിരുന്നു രാഹുൽ പരിഹസിച്ചു.

മോദിയുടെ ഏകപക്ഷീയമായ തീരുമാനമായിരുന്നു റഫാൽ കരാർ. മന്ത്രിസഭാ സുരക്ഷാസമിതിയുടെ അഭിപ്രായം പോലും ഈ കരാറിന്രെ കാര്യത്തിൽ തേടിയില്ല. റഫാലുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിച്ച സംശയങ്ങൾക്കോ വിമർശനങ്ങൾക്കോ മോദിയോ പ്രതിരോധമന്ത്രിയോ മറുപടി പറഞ്ഞിട്ടില്ലെന്ന് രാഹുൽ ചുണ്ടിക്കാണിച്ചു.

മോദി സർക്കാരിന്രെ തെറ്റായ നയങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് ചെയ്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് ചരക്ക് സേവന നികുതി എന്ന ആശയം മുന്നോട്ട് വച്ചത് നികുതി വ്യവസ്ഥ ലളിതമാക്കുക എന്ന ആശയത്തോടെയായിരുന്നു. എന്നാൽ മോദി നടപ്പാക്കിയത ഗബ്ബർ സിങ് ടാക്സാണ് രാഹുൽ മോദിക്കെതിരെ പരിഹാസമെയ്തു. നോട്ടു നിരോധനത്തിന്രെ ആഘാതത്തിൽ നിന്നും രാജ്യം മുക്തമാകുന്നതിന് മുമ്പ് ജി എസ് ടി കൂടി തെറ്റായ വിധത്തിൽ നടപ്പാക്കിയതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പൂർണമായും തകർന്നു. മോദിയുടെ നയങ്ങൾ കനത്ത വിലക്കയറ്റമാണ സൃഷ്ടിച്ചിരിക്കുന്നത് അതിന്റെയും ആഘാതം സഹിക്കേണ്ടി വരുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളാണ് രാഹുൽ പറഞ്ഞു.

നോട്ട് നിരോധനത്തിലൂടെ മാത്രം മോദി ഇല്ലാതാക്കിയത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തുകയാണ് മോദിയുടെ നടപടിയിലൂടെ സംഭവിച്ചത്.. ജനം ബാങ്കുകൾക്കു മുൻവശത്ത് ക്യൂ നിൽക്കുമ്പോൾ കള്ളപ്പണക്കാർ പിൻവാതിലിലൂടെ പോയി കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് നോട്ട് നിരോധനത്തിലൂടെ സംഭവിച്ചത് രാഹുൽ പറഞ്ഞു. രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ, മെയ്ക്ക് ഇൻ​ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു എന്നാൽ സംഭവിച്ചത് ഇതൊക്കെയാണ് അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ