കോട്ടയം: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്റ് ചെയ്തത്.
ശബരിമല കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
പാലക്കാട് അയ്യപ്പ സേവാ സംഘത്തിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാഹുല്‍ ഈശ്വര്‍. പാലക്കാട് ഗവണ്മെന്റ് റസ്റ്റ് ഹൗസില്‍ രാഹുല്‍ എത്തുമെന്ന് അറിഞ്ഞ പൊലീസ് എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലക്കാട് സൗത്ത് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനെ റാന്നി പൊലീസിന് കൈമാറും.
ശബരിമല അശുദ്ധമാക്കാന്‍ സന്നിധാനത്ത് ചോരവീഴ്ത്തുമെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു.
രണ്ടാഴ്ചയിലൊരിക്കല്‍ പമ്പ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് മുമ്പാകെ ഹാജരായി ഒപ്പിടണം, കോടതിയുടെ അനുമതി ഇല്ലാതെ നിലയ്ക്കല്‍, പമ്പ, എന്നിവിടങ്ങളില്‍ പ്രവേശിക്കരുത് തുടങ്ങിയവയായിരുന്നു രാഹുല്‍ ഈശ്വറിന്റെ ജാമ്യ വ്യവസ്ഥ. എന്നാല്‍ ഇവ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് റാന്നി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്.