തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് അംഗീകരിക്കാത്ത കെപിസിസി പിരിച്ചു വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമത്തിനെതിരെ നടന്ന പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി മാനിച്ചു കൊണ്ട് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിയാണോ അതോ രാഹുല്‍ ഈശ്വറാണോ കോണ്‍ഗ്രസിന്റെ നേതാവെന്ന് കേരളത്തിലെ നേതാക്കള്‍ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

ദേശീയ അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത കേരളത്തിലെ കോണ്‍ഗ്രസ്, അധ്യക്ഷനെ ധിക്കരിക്കുകയാണ്. കോണ്‍ഗ്രസുകാരെ ബിജെപിയിലേക്ക് നയിക്കാനുള്ള സമരമായി ശബരിമല പ്രക്ഷോഭം മാറുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് തള്ളി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തുകയായിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് രാഹുല്‍ വ്യക്തമാക്കി.

പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട്. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്ന് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങണമെന്നും രാഹുല്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെ.പി.സി.സി അത്തരത്തിലൊരു തീരുമാനം എടുത്തത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് അവരുടെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ അഭിപ്രായമല്ലെന്നും രാഹുല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ