കൊട്ടാരക്കര: ശബരിമലയിൽ ഒരു കാരണവശാലും അക്രമം ഉണ്ടാവരുതെന്നും മഹാത്മ ഗാന്ധിയുടെ പാതയിലേ പോകാവൂവെന്ന് സമരക്കാരോട് രാഹുൽ ഈശ്വർ. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് രാഹുൽ വീഡിയോയിലൂടെ പ്രതിഷേധക്കാരോട് ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രാർത്ഥനാ പരിപാടികൾ ഏറ്റെടുക്കാൻ നമ്മുടെ അമ്മമാരോട് പറയണമെന്നും രാഹുൽ ആവശ്യപ്പെടുന്നുണ്ട്.

”ഞങ്ങളെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റുകയാണ്. ഞാനടക്കം ഇരുപതോളം പേർ അറസ്റ്റിലായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നത്. മൂന്നുനാല് ദിവസം ജയിലിനുള്ളിലേക്ക് തള്ളാനാണ് ഇവരുടെ പ്ലാൻ. ഞങ്ങളാരും ചെയ്യാത്ത കുറ്റത്തിനാണ് ഇതൊക്കെ ചെയ്യുന്നത്. രാത്രി രണ്ടര മൂന്ന് മണിയായിട്ടും ഭക്ഷണം ലഭിച്ചില്ലായിരുന്നു. ഇപ്പോൾ ഞങ്ങളാണ് ആഹാരം വാങ്ങിയത്. ഇത് ശരിക്കും ഞങ്ങളോട് കാണിക്കുന്ന അനീതിയാണ്.

ഇനിയൊരുപക്ഷേ ഇങ്ങനെ ഫ്രീ ആയി സംസാരിക്കാൻ സാധിച്ചില്ലെന്ന് വരില്ല. നമ്മുടെ അമ്മമാരോട് പറയണം, വരാനിരിക്കുന്ന ദിവസങ്ങളിലെ പ്രാര്‍ഥനാപരിപാടികൾ ഏറ്റെടുക്കണം. ഒരുകാരണവശാലും അക്രമം ഉണ്ടാകരുത്. മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധർമ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേൾപ്പിക്കരുത്. അസഭ്യം പറയുകയോ ആക്രമിക്കുകയോ അല്ല, മറിച്ച് വിശ്വാസത്തിന്റെ പാതയിൽ മഹാത്മ ഗാന്ധിയുടെ പാതയിൽ മണികണ്ഠന് വേണ്ടി പ്രാർഥനായജ്ഞം നടത്തുക. ഇരുപത്തിരണ്ടാം തിയതി സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം,” ഇതായിരുന്നു രാഹുൽ വീഡിയോയിൽ പറഞ്ഞത്. അതിനിടെ കസ്റ്റഡിയിലിരിക്കെ രാഹുൽ വീഡിയോ ഷൂട്ട് ചെയ്തത് വ്യാപക പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കലാപത്തിന് ശ്രമിച്ചെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റു ചെയ്തത്. ഇന്നു രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.