/indian-express-malayalam/media/media_files/2025/12/01/rahul-easwar-2025-12-01-18-11-10.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
അതിജീവിതയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ വൈകീട്ടോടെ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു എന്നാണ് വിവരം.
Also Read: അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വർ അറസ്റ്റിൽ
രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിന്ന് അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകൾ കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
Also Read: ലൈംഗിക പീഡനക്കേസ്; പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തിൽ
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കു ശേഷം രാഹുലിനെ കോടതിയിലേക്ക് മാറ്റും.
Also Read: ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഒളിവില്‍ തുടരുന്നു, പൊലീസ് അന്വേഷണം ഊർജിതം
അതേസമയം, ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോടതിയിൽ ഹാജരാക്കി. ചിത്രങ്ങളും വാട്സാപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റും ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡും തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചതായാണ് റിപ്പോർട്ട്. തെളിവുകൾ മുദ്രവച്ച കവറിലാണ് കോടതിക്ക് കൈമാറിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us