കൊച്ചി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ എതിർത്ത മുൻനിരയിൽ ഉളള രാഹുൽ ഈശ്വറിനെതിരെ മീ ടൂ ആരോപണം. ഇഞ്ചി പെണ്ണ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഇരയുടെ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഇത് ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു.

15 വർഷം മുൻപ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കിടപ്പുമുറിയിൽ വച്ച് ശരീരത്തിൽ കടന്നുപിടിച്ചതായും ബലമായി ചുംബിച്ചതായും ഇഞ്ചിപ്പെണ്ണ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ ആരോപിക്കുന്നു.

എന്നാൽ താൻ മീ ടൂ ആരോപണത്തെ ബഹുമാനിക്കുന്നതായി പറഞ്ഞ രാഹുൽ ഈശ്വർ, ശബരിമല പ്രതിഷേധത്തിൽ നിന്ന് തന്നെ മാറ്റിനിർത്താൻ വേണ്ടിയുളള ഫെമിനിസ്റ്റ് ഗൂഢാലോചനയാണ് ഇതെന്ന് വിമർശിച്ചു. സംസ്ഥാനത്ത് ശബരിമല പ്രതിഷേധം അടിച്ചമർത്താൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമരത്തിന്റെ മുൻനിരയിലുളള ശബരിമല കർമ സമിതിയുടെ നേതാവാണ് രാഹുൽ ഈശ്വർ.

ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലായിരുന്നു രാഹുൽ ഈശ്വറിന്റെ ഈ ആരോപണം. “നടൻ ജിതേന്ദ്രനെതിരെ ഉയർന്ന മീ ടൂ ആരോപണം നോക്കൂ. 47 വർഷം മുൻപ് ലൈഗികാതിക്രമം നടത്തിയെന്നാണ് പറയുന്നത്. ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ എങ്ങിനെയാണ് നിരപരാധിത്വം തെളിയിക്കുക?” രാഹുൽ ഈശ്വർ ചോദിച്ചു.

“താൻ ശബരിമല വിഷയത്തിൽ പ്രതികരിക്കാൻ യോഗ്യനാണോയെന്നാണ് മറ്റൊരു ആരോപണം. താഴമൺ തന്ത്രി കുടുംബാംഗമായ മുത്തശ്ശിയും എന്റെ അമ്മയും ഭാര്യയും നാളെ ഇത് സംബന്ധിച്ച് പത്രസമ്മേളനം നടത്തി വിശദീകരണം നൽകും,” രാഹുൽ ഈശ്വർ പറഞ്ഞു.

“ശബരിമലയിൽ ആചാരങ്ങൾ ലംഘിച്ച് പ്രായഭേദമന്യേ സ്ത്രീകൾ നവംബർ അഞ്ച് മുതൽ പ്രവേശിക്കുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ഹൈന്ദവരെ വിഭജിച്ച് ഭരിക്കുകയാണ്. അതിനാണ് സവർണ്ണരെന്നും അവർണ്ണരെന്നും വിഭാഗീയത ഉന്നയിക്കുന്നത്.” രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.