നിലയ്ക്കൽ: ശബരിമല ദർശനത്തിന് എത്തിയ രാഹുൽ ഈശ്വറിനെ പൊലീസ് തടഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇരുമുടിക്കെട്ടുമായി രാഹുൽ ഈശ്വർ നിലയ്ക്കലിൽ എത്തിയത്. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനായി പോയപ്പോഴാണ് ഇദ്ദേഹത്തെ പൊലീസ് തടഞ്ഞത്.

ശബരിമലയിൽ ഇന്ന് രാത്രി പൂജാകർമ്മങ്ങൾ ചെയ്യേണ്ടതിനാൽ രാഹുൽ ഈശ്വറിന് ഇന്ന് സന്നിധാനത്ത് തങ്ങേണ്ടി വരും. ഇത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനാലാണ് അദ്ദേഹത്തെ തടഞ്ഞതെന്നാണ് വിവരം.

രാഹുൽ ഈശ്വർ ഇന്ന് രാവിലെ പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനാണ് എത്തിയത്. നേരത്തെ ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുലിനോട് എല്ലാ ശനിയാഴ്ചയും പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

കെ സുരേന്ദ്രൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ കോടതി തളളി

ഈ നിർദ്ദേശങ്ങളിൽ ശബരിമലയ്ക്ക് പോകരുതെന്ന് കോടതി പറയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയ്ക്ക് പോകാനുളള ശ്രമം നടത്തിയപ്പോഴാണ് പൊലീസ് അനുമതി നിഷേധിച്ചത്. രാഹുലിനെ കരുതൽ തടങ്കലിൽ വയ്ക്കുകയാണെന്ന് അറിയിക്കുകയുമായിരുന്നു.

രാഹുലിന് ഒപ്പം സുഹൃത്തുമുണ്ട്. തങ്ങൾ പ്രശ്നമുണ്ടാക്കാൻ വന്നതല്ലെന്നും ദർശനം തേടി വന്നതാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഭക്തരുടെ അവകാശം നിഷേധിക്കുന്നത് കൊണ്ടാണ് പൊലീസ് രാജെന്ന വിമർശനം ഉണ്ടാവുന്നത്. ശബരിമല ദർശനം നടത്താൻ അനുമതി തേടി രാഹുൽ ഈശ്വർ തിങ്കളാഴ്ച കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കുമെന്നും പറഞ്ഞു.

അതേസമയം പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോവുകയാണെന്നാണ് തന്നോട് പറഞ്ഞതെന്ന് രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ വ്യക്തമാക്കി. ന്യൂസ് 18 കേരള ചാനലിനോടാണ് അവരിത് പറഞ്ഞത്. അതേസമയം സ്ഥിതിഗതികൾ ശാന്തമാണെങ്കിൽ ശബരിമലയിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞതായും ദീപ വിശദീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.