പാലക്കാട്: ശബരിമല കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് റസ്റ്റ് ഹൗസിൽ നിന്നാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് റാന്നി കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തത്.

പാലക്കാട് അയ്യപ്പ സേവാ സംഘത്തിന്റെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രാഹുൽ ഈശ്വർ. പാലക്കാട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ രാഹുൽ എത്തുമെന്ന് അറിഞ്ഞ പൊലീസ് എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലക്കാട് സൗത്ത് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനെ റാന്നി പൊലീസിന് കൈമാറും.

ശബരിമല അശുദ്ധമാക്കാൻ സന്നിധാനത്ത് ചോരവീഴ്‌ത്തുമെന്ന വിവാദ പരാമർശത്തെ തുടർന്നാണ് രാഹുൽ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തത്. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു.

രണ്ടാഴ്ചയിലൊരിക്കൽ പമ്പ സർക്കിൾ ഇൻസ്പെക്ടർക്ക് മുമ്പാകെ ഹാജരായി ഒപ്പിടണം, കോടതിയുടെ അനുമതി ഇല്ലാതെ നിലയ്ക്കൽ, പമ്പ, എന്നിവിടങ്ങളിൽ പ്രവേശിക്കരുത് തുടങ്ങിയവയായിരുന്നു രാഹുൽ ഈശ്വറിന്റെ ജാമ്യ വ്യവസ്ഥ. എന്നാൽ ഇവ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് റാന്നി കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ