തിരുവനന്തപുരം: ശബരിമലയില്‍ രാജ്യദ്രോഹക്കുറ്റമാണ് രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന ദേവസ്വം മന്ത്രി കടകംപളളിക്ക് മറുപടിയുമായി രാഹുല്‍ രംഗത്ത്. തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച് വാക്കുകള്‍ വളച്ചൊടിച്ച് കേസെടുത്ത് ജയിലില്‍ അടയ്ക്കാനാണ് ശ്രമമെന്ന് രാഹുല്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. നവംബര്‍ 13നകം ഫെമിനിസ്റ്റുകളെ ശബരിമലയില്‍ കയറ്റാനാണ് കടകംപളളി ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
‘ശബരിമലയില്‍ രക്തം ഇറ്റിക്കാമെന്ന് പറഞ്ഞ ഭക്തരെ ഞാന്‍ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. എന്നെ കള്ളക്കേസില്‍ കുടുക്കി അകത്താക്കാനാണ് ശ്രമം. എന്നാലും നമ്മള്‍ തളരരുത്. 201 വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്യാനാണ് നോക്കുന്നത്. നവംബര്‍ 13ന് നമുക്ക് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ ഉണ്ടാകുമെന്ന് നിരീശ്വരവാദികള്‍ക്കും അവിശ്വാസികള്‍ക്കും അറിയാം. എന്റെ വാക്കുകളെ വളച്ചൊടിച്ചതാണ്. എല്ലാവരുടേയും സഹായം വേണം. ഇതൊരു സവര്‍ണ അവര്‍ണ തര്‍ക്കം ആക്കാനാണ് നീക്കം. എല്ലാ അയ്യപ്പ ഭക്തന്മാര്‍ക്കും എതിരെയാണ് നീക്കം. ഈ രാജ്യത്തെ സ്നേഹിക്കുന്ന നമ്മളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍. ഇന്ത്യയാണ് നമ്മുടെ മാതൃരാജ്യം. ചൈന അടക്കമുളള മറ്റ് വിദേശ രാജ്യങ്ങളല്ല നമ്മുടെ മാതൃരാജ്യം,’ രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ ചോര ഒഴുക്കാന്‍ പദ്ധതി ഇട്ടത് രാജ്യദ്രോഹമാണെന്നായിരുന്നു കടകംപളളി പറഞ്ഞത്. പൊലീസിന്റെ കൃത്യമായ ഇടപെടലാണ് വലിയൊരു പ്രതിസന്ധിയില്‍ നിന്നും ശബരിമലയെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ശബരിമലയെ ഒരു കലാപഭൂമി ആക്കാനുളള ഗൂഢാലോചന നടന്നിരുന്നു എന്ന വസ്തുത പുറത്തുവരികയാണ്. ഇന്നലെ രാഹുല്‍ ഈശ്വര്‍ തന്നെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. എത്രമാത്രം വലിയൊരു ഗൂഢാലോചനയാണ് വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയ വാദികള്‍ ശബരിമല കേന്ദ്രീകരിച്ച് നടത്താന്‍ പരിശ്രമിച്ചതെന്ന് വ്യക്തമാവുകയാണ്. ചോര തന്നെ ഒഴുക്കാനായി പദ്ധതി ഇട്ടിരുന്നു എന്ന് വെളിപ്പെടുത്തി. നമ്മുടെ സംസ്ഥാനത്തേയും രാജ്യത്തേയും വിശ്വാസികളേയും വഞ്ചിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങള്‍ എത്ര വലുതായിരുന്നെന്ന് ബോധ്യമാവുകയാണ്,’ കടകംപളളി വ്യക്തമാക്കി.
‘എ, ബി എന്നീ പ്ലാനുകള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. ഇനിയും ഒരുപാട് തന്ത്രമുണ്ടാവാം. ശബരിമലയെന്ന പുണ്യഭൂമിയെ കളങ്കപ്പെടുത്താനുളള ശ്രമമാണ് പൊലീസ് പരാജയപ്പെടുത്തിയത്. രക്തം ചൊരിയാനുളള സന്നാഹമാണ് അവര്‍ ഒരുക്കിയത്. പൊലീസിന്റെ സംയമനമാണ് അപകടകരമായ സാഹചര്യത്തില്‍ നിന്നും ശബരിമലയെ രക്ഷിച്ചത്. പരിപാവനമായ ശബരിമലയെ രക്തം കൊണ്ട് കളങ്കപ്പെടുത്താന്‍ നോക്കിയത് വിശ്വാസികളോടുളള ദ്രോഹവും രാജ്യദ്രോഹവുമാണ്. വിശ്വാസത്തിന്റെ പ്രശ്നം അല്ല ഇവിടെ. തങ്ങളുടെ സങ്കുചിതമായ താത്പര്യങ്ങള്‍ സംരക്ഷിക്കാനുളള നീക്കമാണ് ചിലര്‍ നടത്തിയത്,’ കടകംപളളി പറഞ്ഞു.