കൊച്ചി: മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ ശബരിമല ആക്രമണത്തില്‍ കേസെടുത്ത 6 പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്.

താന്‍ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിർദേശിച്ചു. സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന വിധം ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ.രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാദ്ധ്യമപ്രവർത്തക കവിതയ്‌ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയിൽ ക്ഷേത്ര സന്ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇവർക്ക് നടപ്പന്തൽ വരയേ പോകാൻ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫെസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ചോദിച്ചിരുന്നു.

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലേക്ക് പോകാന്‍ ഒക്ടോബര്‍ 18ന് പത്തനംതിട്ട ജില്ലാ കലക്ടറും ഐജി മനോജ് എബ്രഹാമും സുരക്ഷ ഉറപ്പു നല്‍കിയിരുന്നെന്നും ഒക്ടോബര്‍ 19ന് കുടുംബസമേതം മല കയറിയെന്നും ഹര്‍ജിക്കാരി വാദിച്ചു. സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്നു, ഹര്‍ജിക്കാരി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.