കൊച്ചി: മക്കളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ രഹ്ന ഫാത്തിമ പൊലീസിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസാ സ്റ്റേഷനിലാണ് ഇന്ന് വൈകിട്ടോടെ രഹ്ന കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇന്ന് ഹാജരാകുമെന്ന് രഹ്ന നേരത്തെ തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. രഹ്നയുടെ ജാമ്യ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ പൊലീസിൽ കീഴടങ്ങിയത്.

പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുമാണ് കേസ്. പോക്സോ, ഐടി നിയമങ്ങൾ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. “മുൻ‌കൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കും. സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാൻ സപ്പോർട്ട് ചെയ്ത എല്ലാവരോടും സ്നേഹം
നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ,” രഹ്ന ഫാത്തിമ ഫെയ്സ്ബുക്കിൽ കുറിച്ചു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവിൽ പോകുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ഐടി ആക്ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനിൽക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ പ്രമുഖ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വഴി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെങ്കിലും പരമോന്നത കോടതിയും അപേക്ഷ തള്ളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.