പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് അറസ്റ്റിനെ തുടർന്ന് ജോലിയിൽ നിന്നും രഹ്നയെ സസ്പെൻഡ് ചെയ്തിരുന്നു. ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നീഷ്യൻ ആയിരുന്ന രഹ്നയെ അന്വേഷണ വിധേയമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പത്തനംതിട്ട പൊലീസ് രഹ്നയെ അറസ്റ്റ് ചെയ്തതിന്  പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ നടപടി.

ഫെയ്‌സ്ബുക്കിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം പോസ്റ്റ് ചെയ്ത കേസിലായിരുന്നു അറസ്റ്റ്. കൊച്ചിയിൽനിന്നും പത്തനംതിട്ട പൊലീസാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ രഹ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നവംബർ 16ന് ഹൈക്കോടതി തളളിയിരുന്നു.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കറുപ്പ് വസ്ത്രം ധരിച്ച ചിത്രം സെപ്റ്റംബർ 30 ന് രഹ്ന ഫാത്തിമ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘തത്വമസി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോൻ രഹ്നയ്ക്കെതിരെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 22 ന് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

രഹ്ന ഫാത്തിമ ശബരിമലയിൽ ദർശനത്തിനായി എത്തിയതും വിവാദമായിരുന്നു. ഐജി ശ്രീജിത്തിനായിരുന്നു അന്ന് നിലയ്ക്കലിൽ ചുമതല. ശ്രീജിത്ത് രഹ്ന ഫാത്തിമയെ സന്നിധാനത്ത് നടപ്പന്തൽ വരെ എത്തിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതോടെ രഹ്ന ഫാത്തിമയെ പൊലീസ് തിരിച്ചിറക്കി.

രഹ്ന ഫാത്തിമ ശബരിമലയിൽ പോയതിന് പിന്നാലെ ഇവർ കൊച്ചിയിൽ താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിന് നേരെ ആക്രമണം ഉണ്ടായി. വീട്ടിൽ ഈ സമയത്ത് ആരും ഉണ്ടായിരുന്നില്ല. സ്വീകരണ മുറിയിലും പുറത്തുമുണ്ടായിരുന്ന വസ്തുക്കൾ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അക്രമികൾ രക്ഷപ്പെട്ടു. എന്നാൽ ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ