കൊച്ചി: കളമശേരി പോളിടെക്‌നിക്കിൽ റാഗിംഗ് പരാതിയെ തുടർന്ന് പതിനൊന്ന് വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തു. നാലാം സെമസ്റ്ററിലും ആറാം സെമസ്റ്ററിലും പഠിക്കുന്ന ഹോസ്റ്റലിൽ താമസിക്കുന്ന പതിനൊന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. സംഭവത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റൽ അന്തേവാസികളും ചേരിതിരിഞ്ഞ് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എട്ട് പേരെ കളമശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

സീനിയർ വിദ്യാർത്ഥികൾക്കായി ബിവറേജസിൽ നിന്ന് മദ്യം വാങ്ങിക്കുക, കഞ്ചാവ് വാങ്ങി നൽകുക തുടങ്ങിയ ജോലികൾ ചെയ്യിപ്പിക്കുന്നതായാണ് ഒന്നാം വർഷ വിദ്യാർത്ഥികൾ പരാതിപ്പെട്ടത്. വസ്ത്രം അഴിച്ച് നിർത്തി മർദ്ദിക്കുക, ഉപ്പും മുളകും ചേർത്ത് കഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതായാണ് വിവരം. ഒന്നാം വർഷ വിദ്യാർത്ഥികളെ രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികളും ദ്രോഹിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

“മൂന്ന് ദിവസം മുൻപ് കോളേജിൽ കലോത്സവം നടന്നിരുന്നു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഇരുവിഭാഗമായി തിരിഞ്ഞ് സംഘർഷം നടന്നു. ഇതിന് ശേഷം കോളേജ് യൂണിയൻ ചെയർമാൻ ഹോസ്റ്റലിൽ റാഗിംഗ് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുത്തിരുന്നില്ല. ഇന്ന് മാധ്യമങ്ങളിൽ വാർത്ത വരികയും രണ്ട് വിദ്യാർത്ഥികൾ പരാതി നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഹോസ്റ്റലിലെ പതിനൊന്ന് വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തത്.” പ്രിൻസിപ്പൽ മോഹൻ പറഞ്ഞു.

വിഷ്ണു വിജയൻ, അജയ് ആർ, അഖിൽ രാജ്, അനു ആർ.പിള്ള, ശിവജി പി.വാരിജം, എസ്.പി.അഖിൽ, കെ.എസ്.അർജുൻ, ശരൺ ശശി, പി.എൻ.ജിൻസ്, മിഥുൻ ലാൽ എന്നിവർക്കെതിരായാണ് സസ്‌പെൻഷൻ. ഇവരിൽ ജിൻസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും വിഷ്ണു വിജയൻ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയംഗവുമാണ്.

“30 ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് ഹോസ്റ്റലിൽ അഡ്മിഷൻ നേടിയത്. എന്നാൽ 22 പേരും ഉപദ്രവം ഭയന്ന് ഹോസ്റ്റലിൽ നിന്ന് വിട്ടുപോയി. ആർട്സ് ഫെസ്റ്റിനിടെ അക്രമം നടന്നപ്പോൾ, ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായാണ് ഹോസ്റ്റലിലെ സംഘം ആക്രമിച്ചത്. കൈകൂപ്പി തൊഴുത് നിന്നിട്ട് പോലും തലയ്‌ക്കടിച്ച് വീഴ്ത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിൽ വർഷങ്ങളായി ക്രൂരമായ റാഗിംഗ് നടക്കുന്നതായി അറിഞ്ഞത്.” എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭയ് പറഞ്ഞു.

എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലിൽ കയറി ആക്രമിച്ചതോടെയാണ് ഇന്ന് സംഘർഷം തുടങ്ങിയത്. ഇരുപക്ഷത്തും എസ്.എഫ്.ഐ പ്രവർത്തകർ തന്നെയായിരുന്നു ഉണ്ടായിരുന്നത്. “സംഭവത്തിൽ ഹോസ്റ്റൽ വിദ്യാർത്ഥി, യൂണിയൻ പ്രതിനിധി, അദ്ധ്യാപക പ്രതിനിധി, പ്രിൻസിപ്പൽ എന്നിവരടങ്ങിയ സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരായി എസ്.എഫ്.ഐ പ്രവർത്തകരെ കണ്ടെത്തിയാൽ സംരക്ഷിക്കില്ലെ”ന്നും അഭയ് വ്യക്തമാക്കി.

എന്നാൽ കഴിഞ്ഞ ദിവസം കോളേജിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്ന് നടന്നതെന്ന് കളമശേരി പൊലീസ് പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ മാർട്ടിൻ, ആദർശ്, കിരൺ, സന്ദീപ്, തൗഫീർ, അമൽ, രാഹുൽ, ഷാരോൺ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ