തിരുവനന്തപുരം: കിളിമാനൂരിൽ മുൻ റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘാംഗം പിടിയിൽ. കരുനാഗപ്പളളി സ്വദേശി ഷൻസീർ ആണ് പൊലീസ് പിടിയിലായത്. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട ആളണ് ഷൻസീർ.

ഇന്നലെ ഓച്ചിറ സ്വദേശി യാസിർ അബൂബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട അലിഭായി, അപ്പുണ്ണി എന്നിവരെ ബെംഗളൂരുവിൽ എത്തിച്ചത് രക്ഷപ്പെടാൻ വഴിയൊരുക്കിയത് യാസിർ ആയിരുന്നു. പ്രതികള്‍ എത്തിയ കാര്‍ അടൂരിലെത്തിച്ച് ഉപേക്ഷിച്ചതും ക്വട്ടേഷന്‍ സംഘത്തിന് പണമിടപാട് നടത്താനുള്ള എടിഎം കാര്‍ഡ് എടുത്തുനല്‍കിയതും എന്‍ജിനീയറായ യാസിര്‍ ആണെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതക സംഘത്തിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയ സ്ഫടികം സ്വാതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, കൊലപാതകം ആസൂത്രണം ചെയ്ത ഖത്തർ വ്യവസായി സത്താറിലേക്ക് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കിളിമാനൂർ മടവൂരിലെ ‘നൊസ്റ്റാൾജിയ’ നാടൻപാട്ട് സംഘാംഗവും ഗാന സംവിധായകനുമായ രാജേഷ് കുമാറിനെ (34) സ്വന്തം സ്റ്റുഡിയോയിൽ കയറിയാണ് അക്രമിസംഘം വെട്ടിക്കൊന്നത്. മടവൂർ ജംക്‌ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള ‘മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാർന്നായിരുന്നു മരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ