തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസിലെ ഒരു പ്രതികൂടി പിടിയിൽ. കേസിലെ ഒന്നാം പ്രതി അലിഭായിയുടെ സഹായിയായ അപ്പുണ്ണിയാണ് പിടിയിലായത്. തമിഴ്നാട്ടിൽവെച്ചാണ് ഇയാളെ പിടികൂടിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരും ഇതിനകം തന്നെ പൊലീസ് പിടിയിൽ ആയിട്ടുണ്ട്.

നേരത്തെ റേഡിയോ ജോക്കിയായ രാജേഷിന്‍റെ കൊലപാതക കേസില്‍ മുഖ്യപ്രതിയായ അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ കുറ്റസമ്മതം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യല്ലില്‍ അലിഭായ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു.

അതേസമയം കേസിലെ മുഖ്യപ്രതിയായ കുവൈത്തിലെ വ്യവസായി അബ്ദുൾ സത്താറിനെ നാട്ടിലേക്ക് എത്തിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനായി ഇന്റർപോളിനെ കേരള പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

രാജേഷിന്റെ കാമുകിയായ യുവതിയുടെ മുൻ ഭർത്താവാണ് കൊലപാതകത്തിനുളള കൊട്ടേഷൻ നൽകിയതെന്നാണ് അലിഭായ് പൊലീസിനോട് വെളിപ്പെടുത്തിയത്. ക്വട്ടേഷൻ നൽകിയ അബ്‌ദുൾ സത്താർ ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ നിർദ്ദേശപ്രകാരമായിരുന്നു കൊലപാതകമെന്ന് പൊലീസിനോട് അലിഭായ് വെളിപ്പെടുത്തി.

നേരത്തേ തന്നെ ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. ആദ്യം പിടിയിലായ കൊല്ലം സ്വദേശി സനുവും പിന്നീട് അറസ്റ്റിലായ യാസിൻ മുഹമ്മദും കൊലയ്ക്ക് പിന്നിലെ ക്വട്ടേഷൻ അബ്ദുൾ സത്താറിന്റേതാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അലിഭായിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ