തിരുവനന്തപുരം: റേഡിയോ ജോക്കി ആർ രാജേഷിന്റെ കൊലപാതകത്തിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമായി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായ അലിഭായ് കുറ്റം സമ്മതിച്ചതോടെയാണിത്. റേഡിയോ ജോക്കിയെ കൊല്ലാനുളള കാരണം ഇദ്ദേഹത്തിന്റെ പ്രണയബന്ധമാണെന്ന് അലിഭായ് പൊലീസിനോട് വെളിപ്പെടുത്തി.

രാജേഷിന്റെ കാമുകിയായ യുവതിയുടെ മുൻ ഭർത്താവാണ് കൊലപാതകത്തിനുളള കൊട്ടേഷൻ നൽകിയതെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ക്വട്ടേഷൻ നൽകിയ അബ്‌ദുൾ സത്താർ ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ നിർദ്ദേശപ്രകാരമായിരുന്നു കൊലപാതകമെന്ന് പൊലീസിനോട് അലിഭായ് വെളിപ്പെടുത്തി.

നേരത്തേ തന്നെ ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. ആദ്യം പിടിയിലായ കൊല്ലം സ്വദേശി സനുവും പിന്നീട് അറസ്റ്റിലായ യാസിൻ മുഹമ്മദും കൊലയ്ക്ക് പിന്നിലെ ക്വട്ടേഷൻ അബ്ദുൾ സത്താറിന്റേതാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അലിഭായിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായ അലിഭായ് പൊലീസിന്റെ ചോദ്യങ്ങളോട് സഹകരിച്ചു. നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് കേസിൽ വേഗത്തിൽ അന്വേഷണം വഴിത്തിരിവിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ