തിരുവനന്തപുരം: ആറ്റിങ്ങൽ മടവൂരിൽ യുവാവിനെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തി. റെഡ് എഫ്എമ്മിലെ മുൻ റേഡിയോ ജോക്കിയും ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷാണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം രാജേഷിന്റെ ഉടമസ്ഥതയിലുളള സ്റ്റുഡിയോയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജേഷിനൊപ്പം ഉണ്ടായിരുന്ന കുട്ടൻ എന്നയാൾക്ക് പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗാനമേളയ്ക്ക് അനൗണ്‍സ്മെന്റ് ചെയ്യാന്‍ പോകാറുണ്ടായിരുന്ന രാജേഷ് പരിപാടി കഴിഞ്ഞ് സുഹൃത്തിനൊപ്പം തിരിച്ച് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് സംഭവം. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.