കൊച്ചി: പതിവില്‍നിന്ന് വ്യത്യസ്തമായി ഇന്ന് കൊച്ചിയില്‍ കണ്ടത് പുകമഞ്ഞല്ല. ‘റേഡിയേഷണല്‍ ഫോഗ്’ എന്ന പ്രതിഭാസമാണ് കൊച്ചിയില്‍ ഉണ്ടായതെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അറ്റ്‌മോ‌സ്‌ഫെ‌റി‌ക് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഡോ.കെ.മോഹനകുമാര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“പുകമഞ്ഞ് ആണെങ്കില്‍ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ പുക കാണും. ഇന്ന് കണ്ട പ്രതിഭാസത്തിനു റേഡിയേഷണല്‍ ഫോഗ് എന്നാണ് പറയുക. കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണമാണ് ഇത്രയും മഞ്ഞുണ്ടായത്. മഴയുടെ ഈര്‍പ്പം ഉള്ളതുകൊണ്ട് മഞ്ഞ് പെട്ടന്ന് മുകളിലേക്ക് പോകാത്തതാണ്. അന്തരീക്ഷം ചൂടുപിടിച്ച് നല്ല വെയില്‍ വരുമ്പോള്‍ മഞ്ഞ് നന്നായി കുറയും. തണുപ്പും ചൂടും മാറിമാറി അന്തരീക്ഷത്തില്‍ വരുന്നതാണ് റേഡിയേഷണല്‍ ഫോഗിനു കാരണം,” ഡോ.മോഹനകുമാര്‍ പറഞ്ഞു.

ഇനിയുള്ള ദിവസങ്ങളില്‍ ഇങ്ങനെ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മോഹനകുമാര്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണവുമായി ഈ മഞ്ഞിനു ബന്ധമില്ല. മഴയുടെ ഈര്‍പ്പം മണ്ണിലുള്ളതുകൊണ്ട് ഇപ്പോള്‍ പൊടിപടലങ്ങളും മലിനീകരണ സാധ്യതയും കുറവാണ്. മുകളിലേക്ക് മഞ്ഞ് പോകാത്തതാണ് രാവിലെ ഏറെ വൈകിയും മൂടല്‍മഞ്ഞ് കാണാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കൊച്ചി നഗരത്തില്‍ കനത്ത പുകമഞ്ഞ്, ചിത്രങ്ങൾ

ഇന്ന് രാവിലെ പതിവിനു വ്യത്യസ്തമായി കൊച്ചി നഗരത്തില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടത് വാര്‍ത്തയായിരുന്നു. പുകമഞ്ഞിനോട് സാദൃശ്യമുള്ള രീതിയിലായിരുന്നു മൂടൽമഞ്ഞ് രൂപപ്പെട്ടത്. ഇത് അന്തരീക്ഷ മലിനീകരണം കാരണമാണെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

രാവിലെ ഏഴിനു ശേഷവും മഞ്ഞിന്റെ അളവില്‍ കുറവുണ്ടായില്ല. പലയിടത്തും കാഴ്‌ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇങ്ങനെ മഞ്ഞുണ്ടായിട്ടില്ല. നഗരത്തില്‍ പലയിടത്തും നൂറ് മീറ്ററിനപ്പുറം കാഴ്ച സാധ്യമായിരുന്നില്ല. മഞ്ഞ് ശക്തമായ നിലയിൽ ഉണ്ടെങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.

അതേസമയം, സംസ്ഥാനത്ത് തുലാവർഷം ശക്‌മാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പുണ്ട്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒക്ടോബർ 19 വരെ കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.  16 ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്. 16 മുതൽ 18വരെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 17, 18 തീയതികളിൽ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഒക്ടോബർ 15 മുതൽ 18 വരെ കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത 24 മണിക്കൂറിനുളളിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും. ചിലപ്പോൾ 65 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കും. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.