തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാരാക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ക്ലബ് ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. രാജിക്കത്തിൽ രാധാകൃഷ്ണനും ഒപ്പുവച്ചിട്ടുണ്ട്.

പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ് ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ്  പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെ രാജി.

സോണിച്ചനെയും സസ്പെൻഡ് ചെയ്യപ്പെട്ട എം.രാധാകൃഷ്ണനെയും കൂടാതെ എസ്. ശ്രീകേഷ്, ഹാരിസ് കുറ്റിപ്പുറം, പി.എം ബിജുകുമാർ, രാജേഷ് ഉള്ളൂർ, ലക്ഷ്മി മോഹൻ, എച്ച്. ഹണി, അജി ബുധന്നൂർ എന്നിവരാണു രാജിവച്ചത്.

Read More: സദാചാരാക്രമണം: എം.രാധാകൃഷ്ണനെ പ്രസ്‌ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു

അതേസമയം, രാധാകൃഷ്ണനെ പുറത്താക്കിയ നടപടി രാഷ്ട്രീയവും ധാർമികവുമായി ശരിയാണെന്നു തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നു സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സാബ്ലുതോമസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

” ഞാൻ അധികാര പരിധി ലംഘിച്ച് തീരുമാനമെടുത്തുവെന്നും പ്രസ് ക്ലബ്ബിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുവെന്നുമൊക്കെയാണ്  ആരോപണം. എനിക്ക് തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടോ ഇല്ലയോ എന്നത് പിന്നീട് ചർച്ച ചെയ്യേണ്ടതാണ്. പത്തിലൊന്ന് അംഗങ്ങൾ നോട്ടീസ് തന്നാൽ ജനറൽ ബോഡി വിളിച്ച് തീരുമാനമെടുക്കണമെന്നാണ് ബൈ ലോ. അത് ഞാനല്ല, മറ്റാരാണെങ്കിലും അങ്ങനെ തന്നെയെ ചെയ്യാൻ സാധിക്കൂ. ഞാനെടുത്ത തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിൽ അവർക്കത് ജനറൽ ബോഡിയിൽ അവതരിപ്പിക്കാല്ലോ. അത് ചെയ്യാതെ ഇപ്പോൾ എടുത്ത തീരുമാനം കുറ്റാരോപിതനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നേ മനസിലാക്കാൻ സാധിക്കൂ. എനിക്ക് നേരിട്ടല്ല കത്ത് തന്നത്, ഓഫീസ് സെക്രട്ടറിയുടെ മെയിലിലേക്കാണ് അയച്ചത്. സെക്രട്ടറിയാണ് എനിക്ക് പ്രിന്റ് എടുത്ത് തന്നത്,” സാബ്ലുതോമസ് പറഞ്ഞു.

രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും ക്ലബ് അംഗത്വത്തിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മാർച്ച് നടത്തിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് നടത്തിയ മാർച്ചിൽ നിരവധി മാധ്യമപ്രവർത്തകരും മറ്റ് സംഘടനാ പ്രവർത്തകരും പങ്കെടുത്തിരുന്നു. ഇതേ ത്തുടർന്നാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തത്.

പ്രതിഷേധം നടത്തുന്ന വനിതാ മാധ്യമ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി.ഭാസ്കർ തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഓണററി അംഗത്വം രാജിവച്ചിരുന്നു.

മാധ്യമസ്ഥാപനത്തിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാരാക്രമണം നടത്തിയത്. മാധ്യമ പ്രവർത്തകയും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് അറസ്റ്റിലായ രാധാകൃഷ്ണന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

അതിനിടെ, പരാതിക്കാരിക്കെതിരേ അപവാദ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ബന്ധപ്പെട്ട മാധ്യമസ്ഥാപനം സര്‍ക്കുലറിലൂടെ ജീവനക്കാരെ അറിയിച്ചു. പരാതിക്കാരിക്ക് എല്ലാവരും മാനസിക പിന്തുണ നല്‍കണമെന്നും മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.