തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കല്‍ കോളജ് കോഴ ആരോപണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആർ.എസ്.വിനോദ്. കൺസൾട്ടൻസി ഫീസായി മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന് ആര്‍.എസ്.വിനോദ് വിജിലന്‍സിന് മൊഴി നൽകി. ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്ക് പണം കൈമാറിയെന്നും ബിജെപി നേതാക്കൾക്ക് ഇതിൽ പങ്കില്ലെന്നും മൊഴി നൽകി.

അഞ്ച് ലക്ഷം രൂപ വീതം അഞ്ച് തവണയായാണ്‌ മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്ന് പണം വാങ്ങിയത്. മെഡിക്കല്‍ കോളജുകളുടെ വാര്‍ഷിക ഇന്‍സ്‌പെക്ഷന് മുന്നോടിയായാണ് പണംവാങ്ങി നല്‍കിയത്. സതീഷ് നായരെ നേരിട്ട് പരിചയമില്ലെന്നും രാജേഷ് എന്നയാള്‍ മുഖേനയാണ് സതീഷ് നായരെക്കുറിച്ച് അറിഞ്ഞതെന്നും മൊഴി നൽകിയിട്ടുണ്ട്.

അതിനിടെ, ആര്‍എസ്എസ് ഇടപെട്ട് പുറത്താക്കിയ ആര്‍.എസ്.വിനോദിനെ തിരിച്ചെടുത്തതിനു മുന്‍കൈ നല്‍കിയ മൂന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ കേന്ദ്രനേതൃത്വം നടപടിക്കൊരുങ്ങുന്നു. വിനോദിനെ തിരിച്ചെടുത്തതിനെ സംബന്ധിച്ച് ആര്‍എസ്എസ് നേതൃത്വം വിശദീകരണം തേടി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ മൂന്ന് നേതാക്കളോടാണ് ദേശീയനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ