തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയെ സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.

ബുധനാഴ്ച്ച അജൻഡയിൽ ഉൾപ്പെടുത്തി പിള്ളയുടെ നിയമനക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. കൂടുതൽ ചർച്ചയിലേക്ക് കടക്കാതെ യോഗം ഇത് പാസ്സാക്കുകയായിരുന്നു. ക്യാബിനറ്റ് പദവിയോടെ നിയമിതനാകുന്നതോടെ മന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും.

യുഡിഎഫ് ഭരണത്തില്‍ യുഡിഎഫിന്റെ ഭാഗമായി നിൽക്കെ ക്യാബിനറ്റ് പദവിയോടെ ബാലകൃഷ്ണപിള്ളയെ ഇതേ പദവിയിൽ നിയമിച്ചിരുന്നു. പിന്നീട് മുന്നണി വിടാൻ കേരള കോൺഗ്രസ് (ബി) തീരുമാനിച്ചതോടെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. പിള്ള സ്ഥാനമൊഴിഞ്ഞ ശേഷം ഇപ്പോഴത്തെ തിരുവിതാംകൂർ ദേവസ്വംബോർഡ് ചെയർമാനായ പ്രയാർ ഗോപാലകൃഷ്ണനാണ് കോർപ്പറേഷൻ ചെയർമാനായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ