കൊച്ചി: പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കുന്നതിനെതിരെയുള്ള ഹർജി അനവസരത്തിലെന്ന് വ്യക്തമാക്കി ഹൈക്കോടതി തീർപ്പാക്കി. നിലവിൽ പണം ഈടാക്കുന്നില്ലെന്നും ഉത്തരവ് ഇറക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള ആലോചനകൾ നടന്നുവരികയാണെന്നും സർക്കാർ വിശദീകരിച്ചതിനെത്തുടർന്നാണ് കോടതി നടപടി.
സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പ്രവാസികളിൽ നിന്ന് ചെലവ് ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും റെജി താഴമണും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
Read Also: പുകവലി സ്ത്രീകളെ ബാധിക്കുന്നതെങ്ങനെ? ഡോക്ടർ പറയുന്നു
സർക്കാർ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ കോടതി ഇടപെടലിന് കാരണമില്ലെന്നും ഹർജി അപക്വമാണെന്നുമായിരുന്നു സർക്കാർ വാദം. സർക്കാർ നടപടി വിവേചനപരമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ.
ഇതുവരെ പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് വഹിച്ചിരുന്നത് സർക്കാരാണ്. വ്യക്തിപരമായി ക്വാറന്റൈൻ ചെലവ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. പാവപ്പെട്ട പ്രവാസികളുടെ ചെലവ് സർക്കാർ തന്നെ വഹിക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുള്ള പ്രത്യേക മാനദണ്ഡം അടങ്ങിയതായിരിക്കും ഉത്തരവ്. പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
Read Also: സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണുള്ളത്. നേരത്തെ 14 ദിവസമായിരുന്നത് പിന്നീട് ഏഴ് ദിവസമാക്കി ചുരുക്കുകയും ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റൈന് തുടരണമെന്നുമാണ് നിര്‍ദേശം. പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ യാത്രാ ചെലവും ക്വാറന്റൈന് ചെലവും മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് അറിയിച്ചിരുന്നു.