ഖത്തർ: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈതാങ്ങുമായി ഖത്തറും. 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) ഖത്തര്‍ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സഹായധനം പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയും കൂടി ഉപയോഗിക്കാമെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു.

അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്‍റെ (ഏകദേശം 95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ചാരിറ്റിയിലൂടെ അടിയന്തരസഹായമായി നടപ്പാക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നൽകിയിരുന്നു. രാജ്യത്തെ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും 40 ലക്ഷം റിയാലിന്‍റെ (7.6 കോടി രൂപ) ധനസഹായം ഖത്തര്‍ ചാരിറ്റി വഴി സമാഹരിച്ച് കേരളത്തിന് കൈമാറുന്നതിനുള്ള നടപടികളും ഖത്തര്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിതെന്നും സഹായ ഹസ്തം നീട്ടാൻ മറക്കരുതെന്നും ദുബായ് ഭരണാധികാരി ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവച്ചത്.

ദുരിത ബാധിതരെ സഹായിക്കാൻ യുഎഇയും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കുമെന്നും അടിയന്തര സഹായത്തിനായി ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി. യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്’, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു.

പ്രളയക്കെടുതികളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം സന്ദേശം അയച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം രാഷ്ട്രപതിക്ക് അയച്ച സന്ദേശത്തിൽ കുറിച്ചു. സായുധസേനാ ഉപസർവ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാഷ്ട്രപതിക്ക് സന്ദേശം അയച്ചു.

Read More: Kerala Floods: തങ്ങളുടെ വിജയഗാഥയില്‍ വലിയ പങ്കു വഹിച്ച കേരള ജനതയെ സഹായിക്കുക എന്നത് ഉത്തരവാദിത്വമായി കാണുന്നു: യു എ ഇ

Read More: Kerala Floods: കേരളത്തിന്‌ പിന്തുണയുമായി ലോകരാഷ്ട്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.