കൊച്ചി : നാളെ കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂർണ്ണമായ അർത്ഥത്തിൽ യാഥാർത്ഥ്യമാവുകയാണ്. ആലുവ മുതൽ മഹാരാജാസ് വരെ മെട്രോ ഓടിയെത്തുമ്പോൾ കൊച്ചി ലോകത്തിന് മുൻപിൽ വയ്ക്കുന്ന വലിയ മാതൃക പദ്ധതി പൂർത്തീകരിക്കാനെടുത്ത സമയം തന്നെയാണ്. മറ്റെല്ലാ മെട്രോയും പോലെതന്നെ അനുബന്ധ വരുമാന സ്രോതസ്സുകൾ കണ്ടെത്താതെ കൊച്ചി മെട്രോയ്ക്കും നിലനിൽപ്പില്ല. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മെട്രോയുടെ നടത്തിപ്പ് മുന്നോട്ട് പോവുന്നത്. എന്നാൽ പൊതുമരാമത്ത് വകുപ്പിന്രെ നിലപാട് മാറ്റവും മന്ത്രി ജി. സുധാകരന്രെ നിലപാടും രണ്ടാം ഘട്ടത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

മെട്രോ പില്ലറുകളിൽ പരസ്യബോർഡുകൾ സ്ഥാപിച്ച് വരുമാനം കണ്ടെത്താനുള്ള ഉപായം ഈ നിലയ്‌ക്ക് സ്വീകരിക്കപ്പെട്ടതാണ്. മുട്ടത്തെ യാർഡിനോട് ചേർന്നും കാക്കനാട് എൻജിഒ ക്വാർട്ടേർസിനോട് ചേർന്നും മെട്രോ ടൗൺഷിപ്പുകൾ പ്രഖ്യാപിച്ചത് സ്വന്തം നിലയ്‌ക്ക് പ്രവർത്തനമൂലധനം കൊച്ചി മെട്രോയ്‌ക്ക് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്.

പക്ഷെ കാക്കനാട് വിഭാവനം ചെയ്ത ടൗൺഷിപ്പിന് 17 ഏക്കർ സ്ഥലം വിട്ടുനൽകാനുള്ള തീരുമാനം എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെ മരവിപ്പിച്ചു. ഇതോടെ കാക്കനാട് വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ട വികസനവും അനിശ്ചിതത്വത്തിലായി.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണ് കാക്കനാട് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 17 ഏക്കർ ഭൂമി വിട്ടുകൊടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയത്. പുതിയ ടൗൺഷിപ്പിനകത്ത് തന്നെ പിഡബ്ല്യുഡി വകുപ്പിന് പുതിയ ഗസ്റ്റ് ഹൗസ് പണിത് നൽകാമെന്ന കെഎംആർഎല്ലിന്രെ ഉറപ്പ് അംഗീകരിച്ചാണ് മുൻമന്ത്രിസഭ ഈ കാര്യത്തിൽ തീരുമാനം എടുത്തത്.എന്നാൽ മന്ത്രിസഭാ യോഗ തീരുമാനം നടപ്പിലാകും മുൻപ് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഇടതുപക്ഷം അധികാരത്തിലേറുകയും ചെയ്തു.

പിഡബ്ല്യുഡി വകുപ്പിന്രെ ചുമതല ഏറ്റെടുത്ത മന്ത്രി ജി.സുധാകരന് ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമായിരുന്നു. ഗസ്റ്റ് ഹൗസ് പൊളിക്കേണ്ടതില്ല എന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ സ്ഥലം വിട്ടുനൽകാൻ തന്നെ ഉദ്യോഗസ്ഥർ മടിച്ചു. ഗസ്റ്റ് ഹൗസിന്റെ സ്ഥലം ഒഴിവാക്കി ശേഷിച്ച ഭാഗം കെഎംആർഎല്ലിന് കൈമാറാനുള്ള തീരുമാനം പോലും ഉദ്യോഗസ്ഥരുടെ നിലപാട് മൂലം വൈകുകയായിരുന്നു.

മുൻ സർക്കാരിന്റെ കാലത്ത് സ്ഥലം വിട്ടുകൊടുക്കാനായി പുറപ്പെടുവിച്ച ഉത്തരവ്

മന്ത്രി ജി.സുധാകരൻ പറഞ്ഞത് മുൻ സർക്കാരിന്റെ മന്ത്രിസഭ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നാണ്. “കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആ അനുമതി കൊടുത്തത്. അത് നടപ്പിലാക്കിയിട്ടില്ല. അവരത് ചുമ്മാതെ ഫ്ലാറ്റുകൾ പണിഞ്ഞ് വാടകയ്‌ക്ക് കൊടുക്കാനാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണിത് ചെയ്തത്. ഗസ്റ്റ് ഹൗസ് പോലും പൂട്ടിച്ചിട്ടാണ് അവർ ഫ്ലാറ്റുകൾ പണിയാൻ പോകുന്നത്. കൊച്ചി മെട്രോയ്‌ക്ക് ആവശ്യമായ ഭൂമി എത്രയാണെന്ന് വച്ചാൽ സർക്കാർ ഇനിയും കൊടുക്കും,” മന്ത്രി ജി.സുധാകരൻ പറഞ്ഞു.

കൊച്ചി മെട്രോയ്‌ക്ക് പ്രവർത്തന മൂലധനം കണ്ടെത്താൻ കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആണ് ഈ പദ്ധതി മുന്നോട്ട് വച്ചത്. 17ഏക്കൽ സ്ഥലത്ത് മധ്യ-ഇടത്തരം കുടുംബങ്ങൾക്ക് താമസിക്കാവുന്ന തരത്തിൽ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ഉൾക്കൊള്ളുന്ന വീടായിരുന്നു കൊച്ചി മെട്രോ റെയിൽ  ലിമിറ്റഡിന്റെ (കെഎംആർഎൽ) പദ്ധതി.

“35 ലക്ഷം രൂപയ്‌ക്ക് ഉളളിൽ, നല്ല അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച 800-900 സ്ക്വയർ ഫീറ്റുള്ള വീട്. ഇതാണ് പദ്ധതി. അത് വാടകയ്‌ക്ക് നൽകാനല്ല. വിൽക്കാനാണ്. അതുവഴി ഭാവിയിൽ കൊച്ചി മെട്രോ സർക്കാരിന് ബാധ്യതയാകാതെ സ്വന്തം നിലയ്‌ക്ക് പ്രവർത്തിക്കാനുള്ള പണം കണ്ടെത്താനാണ് ലക്ഷ്യം,” കെഎംആർഎല്ലിന്റെ പ്രതിനിധി ഐഇ മലയാളത്തോട് പറഞ്ഞു.

സർക്കാർ ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സുകളും പൊതുമരാമത്ത് ഗസ്റ്റ് ഹൗസും അടങ്ങുന്ന സ്ഥലമാണ് ഈ പദ്ധതിക്കായി മുൻസർക്കാർ വിട്ടുനൽകാൻ തീരുമാനമായത്. സർക്കാർ ജീവനക്കാർക്കുള്ള വീടുകളിൽ ഭൂരിഭാഗവും വാസയോഗ്യമല്ല. ശേഷിച്ചവ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതിരുന്നതിനെ തുടർന്ന് ജീവനക്കാർ ഏറ്റെടുക്കുന്നുമില്ല.

 

എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം

“സ്ഥലം വിട്ടുനൽകിയതിന്റെ തെളിവുണ്ടെങ്കിൽ കെഎംആർഎൽ ഹാജരാക്കട്ടെ. അപ്പോൾ സ്ഥലം കൈമാറുന്ന കാര്യം പരിഗണിക്കാം. കൊച്ചി മെട്രോ മുഖ്യമന്ത്രിയുടെ വകുപ്പാണ്. അവർക്ക് മുഖ്യമന്ത്രിയോട് പറയാമല്ലോ. എന്തിനാണ് ഒളിച്ചുകളിക്കുന്നത്? എന്റെ അടുത്ത് ഇത്തരത്തിലൊരു വിഷയം ഇതുവരെ വന്നിട്ടില്ല. ഈ സർക്കാരിന്റെ കാലത്ത് ഭൂമി കൈമാറണമെന്ന ഒരു കാര്യവും എനിക്ക് കിട്ടിയിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ഇടപാടാണ് അത്,” മന്ത്രി ജി.സുധാകരൻ പറഞ്ഞു.

“മന്ത്രി ജി.സുധാകരൻ സാറിന് ഇക്കാര്യത്തിൽ വ്യക്തത കുറവുണ്ടെന്നാണ് തോന്നുന്നത്. അദ്ദേഹത്തെ നേരിട്ട് ചെന്ന് കാണാനാണ് ഉദ്ദേശിക്കുന്നത്. നാളെ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം പറയാൻ ശ്രമിക്കും,” കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് പറഞ്ഞു.

അതേസമയം പൊതുമരാമത്ത് വകുപ്പിന്റെ 17 ഏക്കർ സ്ഥലം വെറുതെ നൽകുവാൻ സാധിക്കില്ലെന്നും മന്ത്രി ജി.സുധാകരൻ ഐഇ മലയാളത്തോട് പറഞ്ഞു. “കൊച്ചി മെട്രോ ബിസിനസ് സ്ഥാപനമാണ്. അവർ പണം നൽകാതെയാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഗസ്റ്റ് ഹൗസ് അടക്കം അവർ പൊളിക്കും. എന്നിട്ട് ഫ്ലാറ്റ് പണിയാനാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടാണിത്. സ്ഥലം കൈമാറാനുള്ള അധികാരം മന്ത്രിസഭയ്‌ക്കാണ്. അത് മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ വരണം,” മന്ത്രി വിശദീകരിച്ചു.

എന്നാൽ 17 ഏക്കർ സ്ഥലത്തിന് ഗഡുക്കളായി 83 കോടി നൽകാനാണ് കെഎംആർഎൽ മുൻ സർക്കാർ കരാറിലെത്തിയതെന്ന് ഐഇ മലയാളത്തിന് ലഭിച്ച വിവരം.  പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസ് ഇവിടെ പുനർ നിർമ്മിച്ച് നൽകാമെന്ന് തീരുമാനിച്ചിരുന്നുവെന്നുമാണ് കെഎംആർഎല്ലിൽ നിന്ന് ഇക്കാര്യത്തെ കുറിച്ച് ലഭിച്ച വിശദീകരണം.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിൽ മെട്രോ ഉദ്ദേശിക്കുന്നത്. നിലവിലെ സ്ഥിതിയിൽ മെട്രോ നിർമ്മാണത്തിന് മാത്രം 2570 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടൗൺഷിപ്പിന് ആവശ്യമായ തുക ഫ്ലാറ്റുകളുടെ ഉടമസ്ഥാവകാശം കൈമാറി സ്വരൂപിക്കാനായിരുന്നു കെഎംആർഎല്ലിന്റെ ശ്രമം.

എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം

“ടിക്കറ്റ് നിരക്കിനെ മാത്രം ആശ്രയിച്ച് മെട്രോയ്ക്ക് മുന്നോട്ട് പോകാനാവില്ല. ലോകത്ത് 200ലധികം മെട്രോകളുള്ളതിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ലാഭത്തിലുള്ളത്. നേരത്തേ പദ്ധതിക്ക് കരാർ ഒപ്പിടുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും കെഎംആർഎല്ലും ഒപ്പിട്ട കരാർ പ്രകാരമാണ് അനുബന്ധ വരുമാന സ്രോതസ് കണ്ടെത്താൻ ശ്രമിച്ചത്. അതിനാണ് ടൗൺഷിപ്പ് പോലുള്ള പദ്ധതികളിലൂടെ ലക്ഷ്യമിട്ടതും,” ഏലിയാസ് ജോർജ് പറഞ്ഞു.

“ഇപ്പോഴത്തെ സ്ഥിതിയിൽ മാത്രം കൊച്ചി മെട്രോയുടെ നടത്തിപ്പിന് വർഷം 43 കോടി രൂപ സർക്കാർ അനുവദിക്കേണ്ടി വരും. ടൗൺഷിപ്പ് യാഥാർത്ഥ്യമായാൽ കൊച്ചി മെട്രോയ്‌ക്ക് സർക്കാരിനെ ആശ്രയിക്കേണ്ടി വരില്ല,” എന്നും അദ്ദേഹം വിശദീകരിച്ചു.

 

എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം

11 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ കാക്കനാട് വരെയുള്ള പദ്ധതിക്കുള്ളത്. ഇവിടെ 11 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി 8.65 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 3.85 ഏക്കർ ഭൂമി റോഡിന് വീതി കൂട്ടാൻ വേണ്ടി മാത്രം വേണം. ഭൂമിയേറ്റെടുക്കാൻ മാത്രം 140.68 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

സർക്കാർ ഭൂമി ലഭിക്കാതെ വന്നതോടെ കൊച്ചി മെട്രോയ്ക്ക് സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമിയേറ്റെടുക്കാനും തടസ്സമുണ്ടെന്ന് കെഎംആർഎൽ വിശദീകരിക്കുന്നു. സർക്കാർ ഭൂമി നൽകാതിരിക്കുമ്പോൾ നിയമപ്രകാരം ഭൂമി ഏറ്റെടുക്കേണ്ടി വരും. എന്നാൽ കോടതിയിൽ ഇത് ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കെഎംആർഎല്ലിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ