തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയില്‍നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) ഒഴിവാക്കും. സമയപരിധിക്കുള്ളില്‍ പദ്ധതിയുടെ കരട് രേഖ കമ്പനി സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന് നേരത്തെ പിഡബ്ല്യുസിയെ ഒഴിവാക്കിയിരുന്നു.

നേരത്തെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇ-മൊബിലിറ്റി പദ്ധതി വഴി 4,500 കോടി മുടക്കി 3,000 ബസുകള്‍ വാങ്ങാനുള്ള പദ്ധതിയിലെ കണ്‍സല്‍ട്ടന്‍സി കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

Read More: കരാര്‍ നിയമനം: എല്‍ഡിഎഫ് നടത്തിയത് 11,674 എണ്ണം മാത്രം, ചെന്നിത്തലയ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി

സെബി നിരോധിച്ച കമ്പനിക്ക് കരാര്‍ നല്‍കാന്‍ മുഖ്യമന്ത്രി താല്പര്യമെടുത്തുവെന്നും മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ ടെണ്ടര്‍ വിളിക്കാതെ മുഖ്യമന്ത്രി മുന്‍കൈയെടുത്താണ് കരാര്‍ നല്‍കിയതെന്നുമായിരുന്നു ആക്ഷേപം.

ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കമ്പനിയെ നിയമിച്ചതില്‍ അപാകതയില്ലെന്ന് വിശദീകരിച്ചു. ഇ മൊബിലിറ്റി സര്‍ക്കാരിന്റെ നയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം, കേന്ദ്രസർക്കാറിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ സര്‍വീസസ് ഇന്‍ കോര്‍പ്പറേറ്റഡ് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ കത്തിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. നിയമനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമാണെന്നും പ്രാവീണ്യമുള്ളവരുടെ സേവനത്തിനാണ് കണ്‍സള്‍ട്ടന്‍സിയെ വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളല്ല. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കണ്‍സള്‍ട്ടന്‍സി കരാറുകള്‍ക്കെതിരെ സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ എല്ലാ കണ്‍സള്‍ട്ടന്‍സി കരാറുകളും പരിശോധിക്കണമെന്നും കരിമ്പട്ടികയിലുള്ള സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കരുതെന്നും സിപിഎം നിര്‍ദേശിച്ചു. ഇതോടെ മറ്റ് കണ്‍സള്‍ട്ടന്‍സികളും സര്‍ക്കാര്‍ പരിശോധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.