കൊച്ചി: ജീവനക്കാര്‍ക്ക് നിരവധി മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തി. ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാര്‍ക്ക് നിരവധി മാസങ്ങളായി വേതനം ലഭിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.

ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തുകയും ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിന് ആവശ്യമായ സര്‍വ്വീസ് വിവരങ്ങളും സ്ഥാപനത്തില്‍ നിന്നും ശേഖരിച്ചു. പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ക്ക് മാനേജ്‌മെന്റിന് പരിശോധന ഉത്തരവ് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അപാകതള്‍ പരിഹരിക്കാത്ത പക്ഷം പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി.ബിജു അറിയിച്ചു.

കലൂരിലെ പി വി സ്വാമി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ അഞ്ഞൂറിൽപ്പരം ജീവനക്കാരാണ് സമരരംഗത്ത് ഉള്ളത്. ഒരുവര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ശമ്പളവും, ജോലിസ്ഥിരതയും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാർ സമരം നടത്തുന്നത്.

കഴിഞ്ഞ ഒക‌്ടോബർ മുതൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങി കിടക്കുകയാണ്. ഇതേ തുടർന്നാണ് 2019 ജനുവരിയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടർക്ക് നൽകിയ പരാതി നൽകിയത്. പിന്നാലെ ഫെബ്രുവരി 28-നു മുമ്പായി മുഴുവൻ ജീവനക്കാരുടെയും ശമ്പളക്കുടിശ്ശികയുടെ പകുതിയും ബാക്കി മാർച്ച് 31-നകവും നൽകുമെന്ന് മാനേജിങ‌് ഡയറക്ടർ പി വി മിനി രേഖാമൂലം കലക്‌ടർക്ക‌ു നൽകിയ ഉറപ്പ‌ും നൽകിയതാണ്. ഇത് പാലിക്കപെട്ടില്ലെന്ന് മാത്രമല്ല പെട്ടന്ന് ആശുപത്രി പൂട്ടുന്നതിനുള്ള നടപടിയാണ് അവർ സ്വീകരിച്ചതെന്നും സമരക്കാർ ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.