കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്കു വെള്ളമെടുക്കാന്‍ നിര്‍മിച്ച തടയണ കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊളിച്ചെങ്കിലും ഭീഷണി ഒഴിയാതെ കുളത്തിലെ വെള്ളക്കെട്ട് തുടരുന്നു. ചെക്ക്ഡാം സന്ദര്‍ശിച്ച് പെരിന്തല്‍മണ്ണ ആര്‍ഡിഒ യുടെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലാണു സംഭരണിയുടെ മധ്യഭാഗത്ത് വന്‍തോതില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടന്ന് കലക്ടര്‍ കോടതിയെ അറിയിച്ചത്.
കോടതി നിര്‍ദേശപ്രകാരം തടയണയുടെ മുകള്‍ ഭാഗത്ത് 25 മീറ്റര്‍ വീതിയിലും അടിഭാഗത്ത് ആറ് മീറ്റര്‍ വീതിയിലും 10 മീറ്റര്‍ ഉയരത്തില്‍ പൊളിച്ചുനീക്കി വെള്ളം ഒഴുക്കി വിടാന്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. സംഭരണിയില്‍നിന്നു ശരാശരി 20 സെന്റീമീറ്റര്‍ ഘനത്തില്‍ വെള്ളം അരുവിയിലേക്ക് ഒഴുകുന്നുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്‍സൂണ്‍ കാലത്ത് പോലും സംഭരണിയിലെ വെള്ളം ഒഴുകിപ്പോകാന്‍ ഈ സംവിധാനം മതിയാകുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സംഭരണിയുടെ പൊളിച്ചുനീക്കിയ ഭാഗത്തുനിന്ന് 15 മീറ്റര്‍ മാറി മധ്യഭാഗത്തായി മണ്ണ് നീക്കിയതിനെത്തുടര്‍ന്ന് 60 മീറ്റര്‍ നീളത്തിലും 22 മീറ്റര്‍ വീതിയിലും മൂന്നു മീറ്റര്‍ ആഴത്തിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇപ്പോള്‍ ഏകദേശം 2178 മീറ്റര്‍ ക്യുബ് വെള്ളം കെട്ടിക്കിടക്കുന്നുണ്ടന്നാണു കലക്ടറുടെ റിപ്പോര്‍ട്ട്.
തടയണയുടെ വശങ്ങളിലെ പാറക്കെട്ടിനേക്കാള്‍ താഴെയാണു കുളത്തിന്റെ അടിത്തട്ടെന്നും അതിനാല്‍ അപകടകരമായ സാഹചര്യമില്ലെന്നെുമാണു കലക്ടറുടെ റിപ്പോര്‍ട്ട്.
മണ്ണിടിച്ചിലിനു സാധ്യതയുള്ള പ്രദേശമായതിനാല്‍ ഒരു കാരണവശാലും വെള്ളം കെട്ടിക്കിടക്കാന്‍ പാടില്ലന്നാണു ഹൈക്കോടതി ജില്ലാ ഭരണകൂടത്തിനു നിര്‍ദേശം നല്‍കിയിരുന്നത്. പ്രദേശത്തെ കോളനി തടയണയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണെന്നും കോളനിവാസികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീഷണിയില്ലെന്നുമാണു കലക്ടറുടെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് കോടതി അടുത്തയാഴ്ച പരിഗണിക്കും. തടയണ പരിശോധനയ്ക്കു കോടതി കമ്മിഷനെ നിയാഗിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.