/indian-express-malayalam/media/media_files/uploads/2021/05/Untitled-design-27.jpg)
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ നിര്‍മ്മിച്ച നാലു തടയണകൾ പൊളിച്ചുനീക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും റിസോര്‍ട്ട് മാനേജര്‍ക്കും ഹൈക്കോടതി നോട്ടീസ്. കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതില്‍ നടപടിയാവശ്യപ്പെട്ട് കേരള നദീസരംക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ കോടതി വിശദീകരണം തേടി.
പ്രകൃതിദത്തമായ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മ്മിച്ച തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവില്‍ പൊളിച്ചുനീക്കി ചെലവ് തടയണ കെട്ടിയവരില്‍ നിന്നും ഈടാക്കാനുമായിരുന്നു കളക്ടറുടെ ഉത്തരവ്. തടയണ പൊളിക്കേണ്ടതില്ലെന്ന സമീപവാസികളില്‍ ചിലരുടെ നിവേദനം കണക്കിലെടുത്ത് പൊളിക്കാതിരിക്കാനുള്ള പോംവഴിപഞ്ചായത്ത് അധികൃതര്‍ തേടുന്നതിനിടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ കളക്ടർക്ക് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബറിൽ നിർദേശം നൽകിയിരുന്നു. അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസറും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോര്‍ട്ട് നൽകിയിരുന്നു.
ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ രാജന്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍, കെ.വി ജിജു എന്നിവര്‍ നല്‍കിയപരാതിയില്‍ രണ്ടര വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
Also Read: മഴക്കെടുതി: ധനസഹായം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആര്‍ നാച്വറോ റിസോര്‍ട്ട്. ഇരുവഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് അനുമതിയില്ലാതെ നാല് തടയണകള്‍കെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.
സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ തടയണകള്‍ക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുമുള്ളത്. പരാതികള്‍ ലഭിച്ച് രണ്ടര വര്‍ഷത്തോളം നിയമവിരുദ്ധമായി സംരക്ഷിച്ചശേഷമാണ് കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയുടെ ശിക്ഷാനടപടികള്‍ വരുമെന്ന് ഉറപ്പായതോടെയാണ് തടയണകള്‍ പൊളിക്കാന്‍ കളക്ടർ ഉത്തരവിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us