പൊന്നാനി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും പരാജയപ്പെട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. പൊന്നാനിയിൽ ഇടത് സ്വതന്ത്രനായാണ് പി.വി.അൻവർ എംഎൽഎ ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം.
“ഈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കും. പാർലമെന്റ് മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും അത്രമാത്രം ആളുകൾ ഇടത് പക്ഷത്തോടൊപ്പം ചേർന്ന് നിൽക്കുന്നുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് മെസേജുകളാണ് ഇടത് പക്ഷത്തെ പിന്തുണച്ച് കൊണ്ട് എന്റെ വാട്സ്ആപ്പിലേക്ക് വരുന്നത്” അൻവർ പറഞ്ഞു.
ഇനിയുള്ള ദിവസങ്ങൾ നിർണായകമാണെന്നും എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അൻവർ പറഞ്ഞു. നിലവിൽ നിലമ്പൂർ എംഎൽഎയാണ് പി.വി.അൻവാർ. മുസ്‌ലിം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറാണ് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി. വി.ടി.രമയാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. 2014ൽ 43.43 ശതമാനം വോട്ട് നേടിയാണ് ഇ.ടി.മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്ന് ലോക്‌സഭയിലെത്തിയത്.