കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന് കോടതിയില്‍ നിന്ന് തിരിച്ചടി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൂര്‍ണമായി പൊളിച്ചുനീക്കി അതിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രകൃതി ദുരന്തങ്ങിൽ നിന്ന് നമ്മൾ ഇനി എന്ന് പാഠം പഠിക്കുമെന്ന് ചോദിച്ചാണ് കോടതി ഉത്തരവിട്ടത്. മലപ്പുറം ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചുനീക്കാനാണ് കോടതിയുടെ ഉത്തരവ്. തടയണ നിർമിച്ചവർ തന്നെ പൊളിച്ചുനീക്കാനുള്ള ചെലവ് വഹിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
തടയണ പൂർണമായും പൊളിച്ചു നീക്കിയില്ലെന്നും ആറടിയിലധികം വെള്ളം ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഉരുൾപൊട്ടി ദുരന്തമുണ്ടായ സ്ഥലത്തിന് അടുത്ത് തന്നെയാണ് ചീങ്കണ്ണിപ്പാലയിലെ തടയണയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: ‘തടയണയുടെ ശക്തി’; അന്‍വറിന്റെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ച തഹസില്‍ദാര്‍ക്ക് സ്ഥലംമാറ്റം
തടയണ സ്ഥിതി ചെയ്യുന്ന ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ദ്രുതഗതിയിലുള്ള ഇടപെടലും രൂക്ഷ വിമർശനവും. ഹര്‍ജിക്കാരുടെ വാദം കേട്ട ശേഷമാണ് ഇപ്പോഴും അനധികൃതമായി തടയണ നിലനിര്‍ത്തുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
Read Also: ഈ സാധുക്കളുടെ കണ്ണീർ കാണാൻ വയ്യ; തൊണ്ടയിടറി, കണ്ണ് നിറഞ്ഞ് പി.വി അൻവർ
പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും നമ്മൾ എന്തുകൊണ്ട് അതിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നില്ലെന്ന് കോടതി ചോദിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഈ മണ്‍സൂണ്‍ സീസണില്‍ തന്നെ തടയണ നില്ക്കുന്ന മേഖലയില്‍ പരിശോധന നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.