കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കാന്‍ നിര്‍മിച്ച തടയണ ഒരാഴ്ചക്കകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഈ മാസം 30 നകം തടയണ പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജില്ലാ ജിയോളജിസ്റ്റ് തടയണ പൊളിച്ചുനീക്കാന്‍ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. കേസ് വീണ്ടും 30 ന് പരിഗണിക്കും.
സ്റ്റേറ്റ് അറ്റോര്‍ണി ജനറലിനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീങ്കണ്ണിപ്പാലയിലെ തടയണയില്‍ നിന്ന് വെള്ളം ഒഴുക്കി കളഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും തടയണ പൊളിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ചും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.
Read More: പരാജയപ്പെട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും: പി.വി.അൻവർ
അൻവറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിലാണ് തടയണ നിർമിച്ചിട്ടുള്ളത്. തടയണ സ്വന്തമായി പൊളിച്ചു നീക്കിക്കൊള്ളാമെന്ന് ഭാര്യാപിതാവ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഭാഗികമായി മാത്രമാണ് പൊളിച്ചുനീക്കിയത്. ഇതിൽ കോടതി വിമർശനമുന്നയിച്ചു. ഉത്തരവ് പൂർണമായും പാലിക്കാത്തതിന് അൻവറിന്റെ ഭാര്യാപിതാവിന്റെ അഭിഭാഷകൻ കോടതിയിൽ ക്ഷമാപണം നടത്തി.
ശക്തമായ മഴ ഉണ്ടായാൽ വെള്ളം കെട്ടി നിൽക്കുമെന്നും ജിയോളജിസ്റ്റിന്റെ റിപ്പോർട്ടുണ്ടെന്നും ഹർജിക്കാരായ ആലുവ റിവർ പ്രൊട്ടക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. തടയണ അവിടെ ഉണ്ടാവരുതെന്ന് കോടതി ശക്തമായ താക്കീത് നൽകി. കഴിഞ്ഞ പ്രളയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് കോടതി നിർദേശിച്ചു.
തടയണ പരിസ്ഥിതിക്ക് ഭീഷണിയും പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിവർ പ്രൊട്ടക്ഷൻ കൗൺസിൽ കോടതിയെ സമീപിച്ചത്. തടയണ അനധികൃതമാണെന്നും പൊളിച്ചു നീക്കണമെന്നും കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അൻവറിന്റെ ഭാര്യാപിതാവും കോടതിയെ സമീപിച്ചു. മലപ്പുറം ചീങ്കണ്ണിപ്പാലയിലെ 11 ഏക്കർ ഭൂമിയിലെ കുന്നുകൾക്കിടയിലാണ് തടയണ. കുളം ഒരു ഭാഗത്തു കരിങ്കൽ ഭിത്തി നിർമിച്ച് ബലപ്പെടുത്തുകയായിരുന്നു. അൻവറിന്റെ പേരിലായിരുന്ന ഭൂമി ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയ ശേഷമായിരുന്നു അനധികൃത തടയണ നിർമാണം.